Asianet News Malayalam

കാണികളുണ്ടെങ്കില്‍ മാത്രം ഒളിംപിക്‌സിന്; നിലപാട് പരസ്യമാക്കി ജോകോവിച്ച്

ഒളിംപിക്‌സിൽ പങ്കെടുക്കുമെന്ന് ഉറപ്പില്ലെന്ന് റാഫേൽ നദാലും സെറീന വില്യംസും അറിയിച്ചിരുന്നു. ഒളിംപിക്‌സ് നടക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്നായിരുന്നു റോജർ ഫെഡററുടെ ആവശ്യം.

Tokyo 2020 Tennis star Novak Djokovic will play only if fans allowed
Author
Belgrade, First Published May 29, 2021, 12:24 PM IST
  • Facebook
  • Twitter
  • Whatsapp

ബെല്‍ഗ്രേഡ്: കാണികളെ പ്രവേശിപ്പിച്ചാൽ മാത്രമേ ടോക്യോ ഒളിംപിക്‌സിൽ പങ്കെടുക്കൂ എന്ന് ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോകോവിച്ച്. കൊവിഡ് പശ്ചാത്തലത്തിൽ മത്സരങ്ങൾ കാണികളില്ലാതെ നടത്തണമെന്ന നിർദേശം വന്നതിന് പിന്നാലെയാണ് ജോകോവിച്ചിന്റെ പ്രതികരണം. 

നേരത്തേ, ഒളിംപിക്‌സിൽ പങ്കെടുക്കുമെന്ന് ഉറപ്പില്ലെന്ന് റാഫേൽ നദാലും സെറീന വില്യംസും അറിയിച്ചിരുന്നു. ഒളിംപിക്‌സ് നടക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്നായിരുന്നു റോജർ ഫെഡററുടെ ആവശ്യം. നിലവിലെ സാഹചര്യം ഒളിംപിക്‌സിന് അനുകൂലമാണോ എന്ന സംശയമുണ്ടെന്ന് ജപ്പാൻ താരങ്ങളായ നവോമി ഒസാക്കയും കെയ് നിഷികോറിയും പ്രതികരിച്ചിരുന്നു. 

ഒളിംപിക്‌സ് ത്രിശങ്കുവില്‍ 

ജപ്പാനിലെ ടോക്യോയില്‍ ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ട് വരെയാണ് ഒളിംപിക്‌സ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ ഒളിംപി‌ക്‌സ് മാറ്റിവയ്‌ക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഒളിംപിക്‌സ് നടത്തിയാൽ പുതിയ കൊവിഡ് വകഭേദത്തിന് കാരണമായേക്കുമെന്ന് ജപ്പാനിലെ ഡോക്‌ടർമാരുടെ സംഘടന വീണ്ടും മുന്നറിയിപ്പ് നല്‍കി.

കനക്കുന്ന പ്രതിഷേധങ്ങള്‍ക്കിടയിലും ഒളിംപിക്‌സ് നടത്താനുള്ള തയ്യാറെടുപ്പുകളുമായി മുന്നോട്ടുപോവുകയാണ് ജപ്പാനും അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റിയും. അത്‌ലറ്റുകളുടെയും ഒഫീഷ്യല്‍സിന്‍റേയും സുരക്ഷ ഇവര്‍ ഉറപ്പുനല്‍കുന്നു. ടോക്യോ ഒളിംപിക്‌സിന് വിദേശ കാണികൾക്ക് പ്രവേശനമില്ല. പ്രാദേശിക കാണികൾക്ക് പ്രവേശനം നൽകണോ എന്ന കാര്യത്തില്‍ അടുത്ത മാസമേ തീരുമാനമാവുകയുള്ളൂ. 

ഒസാക്കയെ തള്ളി നദാല്‍

ഫ്രഞ്ച് ഓപ്പണിനിടെ മാധ്യമങ്ങളുമായി സംസാരിക്കില്ലെന്ന നവോമി ഒസാക്കയുടെ നിലപാട് തള്ളി റാഫേല്‍ നദാല്‍ രംഗത്തെത്തിയതും ടെന്നീസ് ലോകത്ത് നിന്നുള്ള വാര്‍ത്തയാണ്. 'കായിക താരങ്ങള്‍ക്ക് അംഗീകാരം ലഭിക്കാന്‍ കാരണം മാധ്യമങ്ങളാണ്. മാധ്യമങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ അത്‌ലറ്റുകളുടെ നേട്ടം ജനങ്ങള്‍ അറിയില്ലായിരുന്നു. അതേസമയം മാധ്യമങ്ങളോട് സംസാരിക്കാതിരിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഒസാക്കയ്‌ക്ക് ഉണ്ട്' എന്നും നദാല്‍ കൂട്ടിച്ചേര്‍ത്തു. 

ഒസാക്കയുടെ നിലപാട് തള്ളി ആഷ്‌ലി ബാര്‍ട്ടി, ദാനിൽ മെദ്വദേവ് എന്നിവര്‍ രംഗത്തെത്തിയിരുന്നു. വാര്‍ത്താസമ്മേളനം ബഹിഷ്‌കരിക്കുന്ന ഒസാക്കയ്‌ക്കെതിരെ ഫ്രഞ്ച് ഓപ്പൺ അധികൃതര്‍ പിഴ ചുമത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

മാപ്പ് പറയില്ല, വിലക്കിയാല്‍ നിയമ യുദ്ധത്തിന്; സൂപ്പർ ലീഗില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബാഴ്‌സ

ജോലി വാഗ്ദാനം കടലാസിലൊതുങ്ങി; ഏഷ്യന്‍ ഗെയിംസ് ജേതാവ് വി.കെ. വിസ്‌മയ കേരളം വിടുന്നു

ടോക്യോ ഒളിംപി‌ക്‌സ് നടക്കുമോ? സംഘാടകര്‍ ഉടനടി വ്യക്തമാക്കണമെന്ന് റോജർ ഫെഡറർ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios