Asianet News MalayalamAsianet News Malayalam

ടോക്യോ ഒളിംപിക്സ്: ഹോക്കിയില്‍ ജപ്പാനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ

മൂന്നാം ക്വാര്‍ട്ടറിലും ഒരു ഗോള്‍ ലീഡ് ഉറപ്പാക്കിയ ഇന്ത്യക്കെതിരെ അവസാന ക്വാര്‍ട്ടറില്‍ ജപ്പാന്‍ രണ്ടും കല്‍പ്പിച്ച് ആക്രമിച്ചതോടെ ഇന്ത്യ ഏത് സമയവും ഗോള്‍ വഴങ്ങുമെന്ന് തോന്നിച്ചു.  എന്നാല്‍ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്‍റെ മിന്നും സേവുകള്‍ ജപ്പാന് സമനില ഗോള്‍ നിഷേധിച്ചു.

Tokyo Olympics Hokcey India beats Japan 5-3
Author
Tokyo, First Published Jul 30, 2021, 4:50 PM IST

ടോക്യോ: ടോക്യോ ഒളിംപിക്സ് ഹോക്കിയില്‍ ജപ്പാനെ വീഴ്ത്തി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം ഉറപ്പാക്കി ഇന്ത്യ ക്വാര്‍ട്ടറിലെത്തി. മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം.

ആദ്യ ക്വാര്‍ട്ടറിന്‍റെ പതിമൂന്നാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിംഗിലൂടെ ഇന്ത്യ ലീഡെടുത്തു. ടൂര്‍ണമെന്‍റില്‍ ഹര്‍മന്‍പ്രീതിന്‍റെ നാലാം ഗോളായിരുന്നു ഇത്. ഒരു ഗോള്‍ ലീഡുമായി ആദ്യ ക്വാര്‍ട്ടര്‍ അവസാനിപ്പിച്ച ഇന്ത്യ രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തിലെ ലീഡുയര്‍ത്തി. സിമ്രന്‍ജീത് സിംഗിന്‍റെ പാസില്‍ നിന്ന് ഗുര്‍ജന്ത് സിംഗാണ് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടിയത്.

എന്നാല്‍ രണ്ട് മിനിറ്റിനകം ഇന്ത്യയുടെ പ്രതിരോധപ്പിഴവില്‍ നിന്ന് ജപ്പാന്‍ ഒരു ഗോള്‍ മടക്കി.  ബീരേന്ദ്ര ലക്രയുടെ പിഴവില്‍ നിന്ന്  കെന്‍റ ടനകയാണ് ജപ്പാനായി ഒരു ഗോള്‍ മടക്കിയത്. ഒരു ഗോള്‍ ലീഡുമായി രണ്ടാം ക്വാര്‍ട്ടര്‍ അവസാനിപ്പിച്ച ഇന്ത്യക്കെതിരെ ജപ്പാന്‍ മൂന്നാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തില്‍ തന്നെ ഒപ്പമെത്തി. കോട വന്‍റബേയായിരുന്നു ജപ്പാന് സമനില സമ്മാനിച്ചത്.

എന്നാല്‍ ഒരു മിനിറ്റിനകം ഷംസേര്‍ സിംഗിലൂടെ ഇന്ത്യ ലീഡ് തിരിച്ചുപിടിച്ചു. മൂന്നാം ക്വാര്‍ട്ടറിലും ഒരു ഗോള്‍ ലീഡ് ഉറപ്പാക്കിയ ഇന്ത്യക്കെതിരെ അവസാന ക്വാര്‍ട്ടറില്‍ ജപ്പാന്‍ രണ്ടും കല്‍പ്പിച്ച് ആക്രമിച്ചതോടെ ഇന്ത്യ ഏത് സമയവും ഗോള്‍ വഴങ്ങുമെന്ന് തോന്നിച്ചു.  എന്നാല്‍ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്‍റെ മിന്നും സേവുകള്‍ ജപ്പാന് സമനില ഗോള്‍ നിഷേധിച്ചു. അവസാന ക്വാര്‍ട്ടറില്‍ സുരേന്ദര്‍ കുമാറിന്‍റെ പാസില്‍ നിന്ന നിലകാന്ത് ശര്‍മ ഇന്ത്യയുടെ ലീഡുയര്‍ത്തിയതോടെ ജപ്പാന്‍റെ പിടി അയഞ്ഞു.

അവസാന നിമിഷങ്ങളില്‍ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരു ടീമുകളും മത്സരം കടുപ്പിച്ചു. 56-ാം മിനിറ്റില്‍ ഇന്ത്യയുടെ ജയം ഉറപ്പിച്ച് ഗുര്‍ജന്ത് സിംഗ് അഞ്ചാം ഗോളും നേടി. കളി തീരാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിയിരിക്കെ കെന്‍റ ടനകയിലൂടെ ഒരു ഗോള്‍ കൂടി മടക്കി ജപ്പാന്‍ തോല്‍വിഭാരം കുറച്ചു.

Follow Us:
Download App:
  • android
  • ios