നഗരത്തിലെ താമസ സൗകര്യ പ്രതിസന്ധി പരിഹരിക്കാൻ എത്തിച്ച 'കോസ്റ്റ സെറീന' എന്ന ഇറ്റാലിയൻ ആഡംബര കപ്പലിൽ താമസിപ്പിച്ചിരിക്കുന്ന അയ്യായിരത്തോളം താരങ്ങളുടെ സുരക്ഷയ്ക്കായി പ്രത്യേക പദ്ധതിയും തയാറാക്കിയിട്ടുണ്ട്.
ടോക്കിയോ: താമസ സൗകര്യവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ, ജപ്പാനിലെ നഗോയയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിന് വില്ലനായി വൻ ചുഴലിക്കാറ്റ്. വരും ദിവസങ്ങളിൽ ഐച്ചി-നഗോയ തീരത്ത് കനത്ത ചുഴലിക്കാറ്റ് വീശിയടിച്ചേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന്, മത്സരങ്ങൾ തടmപ്പെടാനും കായികതാരങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ കാറ്റടിച്ചാൽ തീരദേശ നഗരത്തിൽ കഴിയുന്ന താരങ്ങളെ താൽക്കാലികമായി ഒഴിപ്പിക്കേണ്ടി വരും. സെപ്റ്റംബർ 21 ഓടെ 'ദുജുവാൻ' എന്ന ഉഷ്ണമേഖലാ ചുഴലിക്കാറ്റ് നഗോയ മേഖലയിലേക്ക് എത്തിയേക്കും. സാധാരണ മഴയയാണെങ്കിൽ മത്സരങ്ങൾ തുടരുമെന്നും എന്നാൽ പ്രകൃതിദുരന്ത മുന്നറിയിപ്പ് ലഭിച്ചാൽ താരങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും നഗോയ മേയറും ഗെയിംസ് ഡെപ്യൂട്ടി പ്രസിഡന്‍റുമായ ഇച്ചിറോ ഹിരോസാവ വ്യക്തമാക്കി.
നഗരത്തിലെ താമസ സൗകര്യ പ്രതിസന്ധി പരിഹരിക്കാൻ എത്തിച്ച 'കോസ്റ്റ സെറീന' എന്ന ഇറ്റാലിയൻ ആഡംബര കപ്പലിൽ താമസിപ്പിച്ചിരിക്കുന്ന അയ്യായിരത്തോളം താരങ്ങളുടെ സുരക്ഷയ്ക്കായി പ്രത്യേക പദ്ധതിയും തയാറാക്കിയിട്ടുണ്ട്. കാറ്റിന്‍റെ വേഗത വർധിച്ചാൽ കപ്പൽ തീരത്തുനിന്ന് മാറി ആഴക്കടലിലെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും.
വിവാദത്തിലായി ഗെയിംസ് ഗ്രാമം
ഗെയിംസിന്‍റെ ഔദ്യോഗിക ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പെയ്ത കനത്ത മഴയിൽ നഗോയയിലെ ചില പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുകയും ചില മത്സരങ്ങൾ മാറ്റിവെക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ താരങ്ങൾക്ക് നൽകിയ താമസസൗകര്യത്തിലെ പോരായ്മകളും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ഇത്തവണ പ്രത്യേക ഗെയിംസ് വില്ലേജ് നിർമ്മിക്കുന്നതിന് പകരം ഹോട്ടലുകൾ, താൽക്കാലിക ഷിപ്പിംഗ് കണ്ടെയ്നർ ഹട്ടുകൾ, കോസ്റ്റ സെറീന കപ്പൽ എന്നിവയിലാണ് 17,000-ത്തോളം വരുന്ന കായികതാരങ്ങളെയും ഒഫീഷ്യലുകളെയും താമസിപ്പിച്ചിരിക്കുന്നത്. ഇടുങ്ങിയ മുറികളും ചെറിയ കട്ടിലുകളും വലിയ പ്രതിഷേധത്തിന് ഇടയാക്കി. കപ്പലിൽ മുറികൾ ലഭിക്കാൻ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വന്നതായി ഇന്ത്യൻ ടീമും പരാതിപ്പെട്ടിരുന്നു.
എന്നാൽ മത്സരങ്ങൾക്ക് ശേഷം ഭീമമായ തുക ചെലവഴിച്ച് നിർമ്മിച്ച ഗെയിംസ് ഗ്രാമങ്ങൾ ഉപയോഗശൂന്യമായി കിടക്കുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പിന്തുണച്ചു. വരും ദിവസങ്ങളിലെ പ്രതികൂല കാലാവസ്ഥ ഏഷ്യൻ ഗെയിംസിന്‍റെ സംഘാടനത്തിന് വൻ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.
