ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ വന്‍ അട്ടിമറി. നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ നവോമി ഒസാക്ക പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. 

സ്വിസ് താരം ബെലിന്‍ഡ ബെന്‍ചിച്ച് ആണ് ഒസാക്കയെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജയം. സ്‌കോര്‍ 7-5, 6-4. ഈ വര്‍ഷം മൂന്നാം തവണയാണ് ഒസാക്കയെ ബെന്‍ചിച്ച് തോൽപ്പിക്കുന്നത്. പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍ നൊവാക് ജോക്കോവിച്ച് നേരത്തെ പുറത്തായിരുന്നു. 

അതേസമയം സെമിയില്‍ ഇടം തേടി അമേരിക്കന്‍ താരം സെറീന വില്ല്യംസ് ഇന്നിറങ്ങും. ക്വാര്‍ട്ടറില്‍ ചൈനീസ് താരം വാങ് ക്വിയാങ് ആണ് എതിരാളി. സെറീന എട്ടാം സീഡും ചൈനീസ് താരം പതിനെട്ടാം സീഡുമാണ്. പ്രീ ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ താരം ആഷ് ലി ബാര്‍ട്ടിയെ വാങ് അട്ടിമറിച്ചിരുന്നു. 

ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 4.30നാണ് ഈ മത്സരം തുടങ്ങുന്നത്. രാത്രി 9.30ന് തുടങ്ങുന്ന ക്വാര്‍ട്ടറില്‍ അഞ്ചാം സീ‍ഡ് എലേനാ സ്വിറ്റോലിനാ, പതിനാറാം സീഡ‍്
യൊഹാന കോന്‍റയെ നേരിടും.