ന്യൂയോര്‍ക്ക്: ഗ്രാന്‍ഡ്‌സ്ലാം അരങ്ങേറ്റത്തില്‍ ഇതിഹാസ താരം റോജര്‍ ഫെഡററെ നേരിടാന്‍ അവസരം ലഭിക്കുക. ടെന്നീസ് താരങ്ങളെല്ലാം കൊതിക്കുന്ന സ്വപ്‌നതുടക്കത്തിന് അവകാശിയായിരിക്കുകയാണ് 22കാരനായ ഇന്ത്യന്‍ താരം സുമിത് നാഗല്‍. യുഎസ് ഓപ്പണ്‍ ആദ്യ റൗണ്ടിലാണ് 20 ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങളുള്ള ഫെഡററെ സുമിത് നേരിടുക. ലോക റാങ്കിംഗില്‍ 190-ാം റാങ്കുകാരനാണ് സുമിത്.

അവസാന യോഗ്യതാ മത്സരത്തില്‍ ബ്രസീലിയന്‍ താരം മെനിസസിനെ തോല്‍പിച്ചാണ് സുമിത് യുഎസ് ഓപ്പണിന് ടിക്കറ്റുറപ്പിച്ചത്. ആദ്യ സെറ്റ് കൈവിട്ടെങ്കിലും 5-7, 6-4, 6-3 എന്ന സ്‌കോറില്‍ തിരിച്ചടിച്ച് ഇന്ത്യന്‍ യുവതാരം ഫെഡററുടെ എതിരാളിയായി. ഈ നൂറ്റാണ്ടില്‍ ഗ്രാന്‍ഡ്‌സ്ലാം സിംഗിള്‍സ് കളിക്കുന്ന അഞ്ചാം ഇന്ത്യന്‍ താരം മാത്രമാണ് സുമിത്. 

ജൂനിയര്‍ ഗ്രാന്‍ഡ്‌സ്ലാം ഡബിള്‍ഡ് കിരീടം 2015ല്‍ നേടിയ സുമിത് ഈ നേട്ടത്തിലെത്തുന്ന ആറാം ഇന്ത്യന്‍ താരമായിരുന്നു. പ്രജനീഷ് ഗുണേശ്വരനും ഇക്കുറി യുഎസ് ഓപ്പണില്‍ മത്സരിക്കുന്നുണ്ട്. ഇതിഹാസ താരങ്ങളായ ലിയാണ്ടര്‍ പെയ്‌സിനും മഹേഷ് ഭൂപതിക്കും ശേഷം രണ്ട് ഇന്ത്യന്‍‌ താരങ്ങള്‍ ആദ്യമായാണ് ഒരു ഗ്രാന്‍ഡ്‌സ്ലാം കളിക്കുന്നത്. വിബിംള്‍ഡണില്‍ 1998ലായിരുന്നു പെയ്‌സും ഭൂപതിയും കോര്‍ട്ടിലെത്തിയത്.