ഹൈദരാബാദ്: തെലങ്കാനയിലെ വിക്രാബാദില്‍ സംഭവിച്ച വെടിവയ്പ്പ് കേസില്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഫാം ഹൌസ് നടത്തിപ്പുകാരന്‍ അറസ്റ്റിലായി. ഉമര്‍ എന്നയാളെയാണ് ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. 

നാല് ദിവസം മുന്‍പാണ് വിക്രാബാദിലെ കാടിന് സമീപമുള്ള ദം ഗുണ്ട് ഡാമിന് അടുത്തുള്ള ഫാം ഹൌസിന് അടുത്ത് വച്ച് ഗ്രാമീണരുടെ പശു വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫാം ഹൌസില്‍ നിന്നാണ് വെടിവച്ചതെന്ന് വ്യക്തമായിരുന്നു.

ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ്  ഫാം ഹൌസ് നടത്തിപ്പുകാരന്‍ ഉമര്‍ അറസ്റ്റിലായത്. ഇയാള്‍ക്ക് എവിടുന്ന് തോക്ക് ലഭിച്ചു തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിച്ച് വരുകയാണ്. 

നേരത്തെ തന്നെ സമീപ ഗ്രാമീണര്‍ ഫാം ഹൌസിനെതിരെ പരാതിയുമായി രംഗത്ത് എത്തിയിരുന്നു. ഗ്രാമത്തില്‍ നിന്നും കന്നുകാലികളെ മേയ്ക്കാന്‍ പോകുന്നവരെ ഫാം ഹൌസ് അധികൃതര്‍ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

സംഭവത്തില്‍ ബാലസ്റ്റിക്ക് പരിശോധന അടക്കം നടത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കും എന്നാണ് കേസ് അന്വേഷിക്കുന്ന ലോക്കല്‍ പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.