സ്വീകരണത്തിനിടെ വിനേഷ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു.

ദില്ലി: ദില്ലി പൊലീസിനെതിരെ വിനേഷ് ഫോഗട്ട്. വനിതാ ഗുസ്തി താരങ്ങള്‍ക്ക് സുരക്ഷ പിന്‍വലിച്ചുവെന്ന് ആരോപണമാണ് വിനേഷ് ഉന്നയിച്ചിരിക്കുന്നത്. ബ്രിജ് ഭൂഷണെതിരെ കോടതിയില്‍ മൊഴി കൊടുക്കുന്നവര്‍ക്ക് സുരക്ഷ പിന്‍വലിച്ചുവെന്നും സാമൂഹ്യ മാധ്യമമായ എക്‌സില്‍ വിനേഷ് കുറിച്ചിട്ടു. പാരീസ് ഒളിംപിക്സില്‍ വനിതകളുടെ ഫ്രീസ്റ്റൈല്‍ 50 കിലോ വിഭാഗത്തില്‍ 100 ഗ്രാം അമിത ഭാരത്തിന്റെ പേരില്‍ ഫൈനലില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു വിനേഷ്. തുടര്‍ന്ന് സ്വര്‍ണമെഡല്‍ നേടാനുള്ള അവസരം വിനേഷിന് നഷ്ടമായി. നാട്ടിലെത്തിയ താരത്തിന് വലിയ സ്വീകരണം ലഭിച്ചിരുന്നു. പിന്നാലെയാണ് താരത്തിന്റെ കുറിപ്പ്.

സ്വീകരണത്തിനിടെ വിനേഷ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു. അന്ന് ദില്ലിയില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. ''ഞങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടില്ല, പോരാട്ടം തുടരും, സത്യം വിജയിക്കണമെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.'' വിനേഷ് ശനിയാഴ്ച്ച മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിനേഷ് ഫോഗട്ട് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സജീവ രാഷ്ട്രീയത്തിലേക്ക് കടക്കില്ലെന്ന് വിനേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ചില രാഷ്ട്രീയ പാര്‍ട്ടികള്‍ വിനേഷിനെ രാഷ്ട്രീയത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ്. 

Scroll to load tweet…

അവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ശനിയാഴ്ച്ച ദില്ലിയില്‍ തിരിച്ചെത്തിയ വിനേഷിന് ജന്മനാടായ ബലാലി, സോനിപത്തിലും ഉജ്ജ്വല സ്വീകരണം ലഭിച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോണ്‍ഗ്രസ് പാര്‍ലമെന്റ് അംഗം ദീപേന്ദര്‍ ഹൂഡയും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് വിനേഷിനെ ഹാരമണിയിച്ചു. അതേസമയം വിനേഷ് ഏത് പാര്‍ട്ടിയില്‍ ചേരുമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിനേഷ് വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ വലിയ സ്വീകരണമാണ് താരത്തിന് ലഭിച്ചത്. നിറഞ്ഞ പിന്തുണയും വാത്സല്യവും ഗുസ്തി താരത്തെ വികാരാധീനയാക്കി.