Asianet News MalayalamAsianet News Malayalam

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം, വിനേഷ് ഫോഗട്ടിന് ചരിത്രനേട്ടം

വനിതകളുടെ 53 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയിലെ വെങ്കല മെഡല്‍ പോരാട്ടത്തില്‍ നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്‍ സ്വീഡന്‍റെ എമ്മ മാമ്ഗ്രെനെ മലര്‍ത്തിയടിച്ചാണ്(സ്കോര്‍-8-0) വിനേഷ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. മത്സരത്തിനിടെ കാല്‍മുട്ടിലെ പരിക്കും വേദനയും വിനേഷിനെ അലട്ടിയിരുന്നു

Vinesh Phogat wins bronze World Wrestling Championships
Author
First Published Sep 14, 2022, 10:59 PM IST

ബെല്‍ഗ്രേഡ്: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് വെങ്കലം. ലോക ചാമ്പ്യന്‍ഷിപ്പിലെ ഫോഗട്ടിന്‍റെ രണ്ടാം മെഡലാണിത്. ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഒന്നിലേറെ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരം കൂടിയാണ് വിനേഷ് ഫോഗട്ട്.

വനിതകളുടെ 53 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയിലെ വെങ്കല മെഡല്‍ പോരാട്ടത്തില്‍ നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്‍ സ്വീഡന്‍റെ എമ്മ മാമ്ഗ്രെനെ മലര്‍ത്തിയടിച്ചാണ്(സ്കോര്‍-8-0) വിനേഷ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. മത്സരത്തിനിടെ കാല്‍മുട്ടിലെ പരിക്കും വേദനയും വിനേഷിനെ അലട്ടിയിരുന്നു. മത്സരത്തിനിടക്ക് വേദന കടിച്ചമര്‍ത്തി വിനേഷ് മുട്ടില്‍ കൈയമര്‍ത്തിയിരുന്നത് ആശങ്ക സമ്മാനിച്ചുവെങ്കിലും പോരാട്ടവീര്യം കൈവിടാതെ എതിരാളിയെ വീഴ്ത്തി വിനേഷ് വെങ്കലത്തിളക്കം സമ്മാനിച്ചു. സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡില്‍ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യ മെഡലാണ് വിനേഷ് ഇന്ന് സ്വന്തമാക്കിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസ്: രവി ദാഹിയക്കും വിനേഷ് ഫോഗട്ടിനും സ്വര്‍ണം, മെഡല്‍പ്പട്ടികയില്‍ കുതിച്ച് ഇന്ത്യ

2019ലും ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയിട്ടുള്ള വിനേഷ് ഫോഗട്ട് ആദ്യ റൗണ്ടില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവ് മംഗോളിയയുടെ ഖുലാന്‍ ബത്കുയാഗിനോട് ഏകപക്ഷീയമായി(7-0) തോറ്റത് ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാല്‍ വിനേഷിനെ തോല്‍പ്പിച്ച താരം ഫൈനലിലേക്ക് മുന്നേറിയതിനാല്‍ റെപ്പഷാഗ് റൗണ്ടില്‍ മത്സരിച്ചാണ് വിനേഷ് വെങ്കല മെഡല്‍ പോരാട്ടത്തിന് അര്‍ഹത നേടിയത്. 2019ലും വിനേഷ് വെങ്കലം നേടിയിരുന്നു.

50 കിലോ ഗ്രാം ഗുസ്തിയില്‍ 2018ലെ ഏഷ്യന്‍ ഗെയിംസിലും 2014, 2018, 2022 വര്‍ഷങ്ങളിലെ കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ തുടര്‍ച്ചയായി സ്വര്‍ണം നേടിയിട്ടുള്ള വിനേഷിന് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍ രത്ന പുരസ്കാരവും അര്‍ജ്ജുന പുരസ്കാരവും നല്‍കി 2020ല്‍ രാജ്യം ആദരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios