ലണ്ടന്‍: മാഞ്ചസ്റ്ററിലെ വിമാനത്താവളത്തില്‍ വെച്ച് അപമാനിക്കപ്പെട്ടതായി പാക്കിസ്ഥാന്‍ മുന്‍ നായകന്‍ വസിം അക്രം. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്‍സുലിന്‍ ബാഗ് കൈവശം വെച്ചതിനെത്തുടര്‍ന്നാണ് താന്‍ അപമാനിക്കപ്പെട്ടതെന്നും പൊതുജനമധ്യത്തില്‍ വെച്ച് വളരെ മോശമായ രീതിയില്‍ ചോദ്യം ചെയ്യപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

'ഇന്ന് മാഞ്ചസ്റ്ററിലെ വിമാനത്താവളത്തില്‍ വെച്ച് മനസുമടുപ്പിക്കുന്നൊരു കാര്യമുണ്ടായി. ലോകത്തെവിടെയും ഇന്‍സുലിനുമായാണ് ഞാന്‍ സഞ്ചരിക്കാറുള്ളത്. ഇതുവരെയും യാതൊരു രീതിയിലുമുള്ള മോശം അനുഭവങ്ങളും എനിക്ക് നേരിടേണ്ടിവന്നിട്ടില്ല. പക്ഷേ ഇന്ന് പൊതുജനമധ്യത്തില്‍ വെച്ച് വളരെ മോശം രീതിയില്‍ ചോദ്യം ചെയ്യപ്പെടുകയും ദയയില്ലാത്ത പെരുമാറ്റം അനുഭവിക്കേണ്ടിവരികയും ചെയ്തു. ഒടുവില്‍ ഇന്‍സുലിന്‍ ബാഗ് പുറത്തെടുത്ത് പ്ലാസ്റ്റിക് ബാഗിലിടാന്‍ ആവശ്യപ്പെട്ടുവെന്നും വസിം അക്രം ട്വിറ്ററില്‍ വ്യക്തമാക്കി. 

ട്വീറ്റ് വൈറലായതോടെ മറുപടിയുമായി മാഞ്ചസ്റ്റര്‍ എയര്‍പ്പോര്‍ട്ടും രംഗത്തെത്തി. ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയതില്‍ നന്ദിയറിയിച്ച മാഞ്ചസ്റ്റര്‍ എയര്‍പ്പോര്‍ട്ട് അധികൃതര്‍ അദ്ദേഹത്തിനോട് പരാതി അയക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.