ദില്ലി: സാമൂഹ്യമാധ്യമമായ ടിക് ടോക്കിലൂ‍ടെ ശ്രദ്ധനേടിയ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ അന്താരാഷ്‌ട്ര ഹീറോകളാണ്. ജിംനാസ്റ്റിക്‌സ് ഇതിഹാസം നാദിയ കൊമനേച്ചിയാണ് ഇവരുടെ ആരാധകരില്‍ ഒരാള്‍. അപ്പോള്‍ ഊഹിക്കാം ഈ കുട്ടികള്‍ അത്ര ചില്ലറക്കാരല്ലെന്ന്. 

സ്‌കൂളില്‍ പോവുംവഴി ആരെയും അമ്പരിപ്പിക്കുന്ന രീതിയില്‍ നടുറോഡില്‍ മലക്കംമറിഞ്ഞ് അഭ്യാസം നടത്തുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. സ്‌കൂള്‍ യൂണിഫോമില്‍ ബാഗ് ചുമലിലേന്തിയാണ് ഇവരുടെ പ്രകടനം. ഇതുകണ്ട് 'വിസ്‌മയാവഹം' എന്നാണ് കൊമനേച്ചിയുടെ പ്രതികരണം. കൊമനേച്ചി ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചതോടെയാണ് ഇരുവരും അന്താരാഷ്‌ട്ര സ്റ്റാറുകളായത്. 12 ലക്ഷത്തിലധികം പേര്‍ ഈ വീഡിയോ കാണുകയും ചെയ്തു. 

എന്നാല്‍ വീഡിയോയുടെ ഉറവിടമോ ഈ കുട്ടികളെക്കുറിച്ചോ യാതൊരു വിവരങ്ങളും പുറത്തുവന്നിട്ടില്ല. എന്‍ഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയിട്ടുണ്ട്. കൊമനേച്ചിയെ പോലെ വിസ്‌മയങ്ങളായി ഇവര്‍ വളരട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകര്‍. ഒളിംപിക്‌സില്‍ ആദ്യമായി 10 പോയിന്‍റുകള്‍ നേടിയ ജിംനാസ്റ്റിക്‌സ് താരമാണ് നാദിയ കൊമനേച്ചി.