മെല്‍ബണ്‍: ഹൃദ്യമായ പെരുമാറ്റത്തിലൂടെ വീണ്ടും ആരാധകരുടെ മനംകവര്‍ന്ന് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍. ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെ തന്‍റെ ഷോട്ടേറ്റ ബോള്‍ഗേളിനെ ഹെഡ്ബാന്‍ഡും ചുംബനവും നൽകിയാണ് ഇതിഹാസതാരം ആശ്വസിപ്പിച്ചത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ രണ്ടാം റൗണ്ടിനിടെയായിരുന്നു അപ്രതീക്ഷിത സംഭവം.

ഭാര്യയുടെ മുന്നിൽ വച്ച് പെൺകുട്ടിയെ ചുംബിച്ചതിനെകുറിച്ച് സാമുവേല്‍ ഗ്രോത്തിന്‍റെ ചോദ്യത്തിന് കുസൃതി കലര്‍ന്ന മറുപടി. 'പെണ്‍കുട്ടിക്ക് ഷോട്ട് ഏറ്റതോടെ ഞാന്‍ ഭയന്നു. ടെന്നിസ് കോര്‍ട്ടില്‍ തന്നെ ഭയപ്പെടുത്തിയ നിമിഷങ്ങളിലൊന്നാണിത്. പന്തിന് വേഗമുണ്ടായിരുന്നു, നേരിട്ട് തലയിലാണ് പതിച്ചത്. അവളൊരു ധീരയാണ്'- നദാല്‍ പറഞ്ഞു. 

വീഡിയോ കാണാം

നദാലിന്‍റെ പെരുമാറ്റം ടെന്നിസ് ആരാധകര്‍ക്കിടയില്‍ വലിയ പ്രശംസ നേടുകയാണ്. യഥാര്‍ഥ ജന്‍റില്‍മാനെന്നും ചാമ്പ്യനെന്നും നദാലിനെ വാഴ്‌ത്തുകയാണ് ആരാധകര്‍. 

കോര്‍ട്ടിലും പുറത്തും ഏറ്റവും മാന്യമായി പെരുമാറുന്ന ടെന്നിസ് താരത്തിനുളള സ്റ്റെഫാന്‍ എഡ്ബര്‍ഗ് പുരസ്‌കാര വോട്ടെടുപ്പില്‍ കഴിഞ്ഞ രണ്ട് വര്‍ഷവും നദാൽ ആണ് ഒന്നാമതെത്തിയത്. അതേസമയം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മൂന്നാം റൗണ്ടില്‍ എത്തിയിട്ടുണ്ട് റാഫേല്‍ നദാല്‍. അര്‍ജന്‍റീനയുടെ ഫ്രെഡറികോ ഡെല്‍ബോണിസിനെയാണ് നദാല്‍ തകര്‍ത്തത്. സ്‌കോര്‍: 6-3 7-6 (7/4) 6-1.