അര്‍ജന്റീനയുടെ താരം മരിയ ബെലന്‍ ഹംഗേറിയന്‍ താരത്തോട് പരാജയപ്പെട്ടതിന്റെ വിഷമത്തിലായിരുന്നു. ഇതിനിടെയാണ് ജീവിതം തന്നെ മാറ്റിമറിച്ച സംഭവം.  

ടോക്യോ: പ്രണയം പൊട്ടിവിടര്‍ന്ന് ടോക്കിയോ ഒളിംപിക്‌സിലെ ഫെന്‍സിംഗ് മത്സരത്തിന്റെ വേദി. അതും പരാജയത്തിന്റെ കയ്പ് ഇരട്ടിമധുരമാക്കിക്കൊണ്ട്. അര്‍ജന്റീനയുടെ മത്സരാര്‍ത്ഥി മരിയ ബെലന്‍ പെരസ് മൗറിസിനോടാണ് സ്വന്തം കോച്ച് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. മരിയ ബെലന്‍ ഹംഗേറിയന്‍ താരത്തോട് പരാജയപ്പെട്ടതിന്റെ വിഷമത്തിലായിരുന്നു. ഇതിനിടെയാണ് ജീവിതം തന്നെ മാറ്റിമറിച്ച സംഭവം. 

മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മരിയയുടെ ജീവിത്തിലെ ആ വഴിത്തിരിവ് സംഭവിച്ചത്. പരാജയത്തിന്റെ കാരണം വിശദീകരിക്കുന്നതിനിടെ തിരിഞ്ഞുനോക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. 

സ്വന്തം കൈപ്പടയില്‍ എഴുതിയ ഒരു കുറിപ്പുമായി അടുത്തസുഹൃത്തും കോച്ചുമായ ലൂക്കാസ് ഗ്യുലേര്‍മോനില്‍ക്കുന്നു. അതിലെഴുതിയത് ഇങ്ങനെ, എന്നെ ജീവിതത്തിലേക്ക് കൂടെക്കൂട്ടുമോ? പിന്നെ, മരിയയുടെ സന്തോഷത്തിന് അതിരുണ്ടായില്ല. വീഡിയോ കാണം.

Scroll to load tweet…

''ഞങ്ങള്‍ പരസ്പരം ഏറെ സ്‌നേഹിക്കുന്നു. ഞങ്ങള്‍ക്കിടയില്‍ ഇണക്കങ്ങളും പിണക്കങ്ങളുമുണ്ട്, എന്നാലും ഒരുമിച്ച് ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ലൂക്കാസും ഏറെ സന്തോഷത്തിലാണ്''. മരിയ പ്രതികരിച്ചു. 

എന്റെ പ്രണയം മരിയയുടെ വിഷമം മറികടക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയതെന്ന് ലൂക്കാസ് പറഞ്ഞു. ജീവിതത്തിലെ അപൂര്‍വനിമിഷത്തിന്റെ സന്തോഷം ബാര്‍ബീക്യൂ പാര്‍ട്ടി നടത്തി ആഘോഷിക്കാനാണ് ഇരുവരുടെയും തീരുമാനം.