മെല്‍ബണ്‍: ഡൊമിനിക് തീം, സ്റ്റാനിസ്ലാസ് വാവ്‌റിങ്ക എന്നിവര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ കടന്നു. വനിതകളില്‍ ഗര്‍ബൈന്‍ മുഗുരുസ, അന്നെറ്റ് കോന്റവീറ്റ്, സിമോണ ഹാലെപ് എന്നിവരും ക്വാര്‍ട്ടറില്‍ കടന്നു. ഇന്ന് നടക്കുന്ന മറ്റ് നാലാം റൗണ്ട് മത്സരങ്ങളില്‍ അലക്‌സാണ്ടര്‍ സ്വെരേവ് റഷ്യയുടെ ആന്ദ്രേ റുബ്‌ലേവിനെയും ലോക ഒന്നാം നമ്പറായ റാഫേല്‍ നദാല്‍ ആതിഥേയതാരം നിക് കിര്‍ഗ്യോസിനെ നേരിടും.

ലോക നാലാം നമ്പര്‍ റഷ്യയുടെ ഡാമില്‍ മെദ്‌വദേവിനെ തോല്‍പ്പിച്ചാണ് വാവ്‌റിങ്ക ക്വാര്‍ട്ടറിലെത്തിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു 34കാരന്റെ ജയം. സ്‌കോര്‍ 2-6, 6-2, 6-4, 6-7, 2-6. ആദ്യ സെറ്റ് നേടിയ സ്വിസ് താരം തുടര്‍ച്ചയായി രണ്ട് സെറ്റുകള്‍ വഴങ്ങിയതിന് ശേഷമാണ് മത്സരം പിടിച്ചെടുത്തത്. അവസാന രണ്ട് സെറ്റും വാവ്‌റിങ്ക സ്വന്തമാക്കുകയായിരുന്നു. 2014ല്‍ ചാംപ്യന്‍ഷിപ്പ് നേടിയ താരമാണ് വാവ്‌റിങ്ക.

ഫ്രഞ്ച് താരം ഗയെല്‍ മോണ്‍ഫില്‍സിനെ തോല്‍പ്പിച്ചാണ് ഡോമിനിക് തീം അവസാന എട്ടിലെത്തിത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഓസ്ട്രിയന്‍ താരത്തിന്റെ ജയം. സ്‌കോര്‍ 2-6, 4-6, 4-6. വനിതകളില്‍ മുഗുരുസ ഒമ്പതാം സീഡ് കികി ബെര്‍ട്ടന്‍സിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-3, 6-3. കോന്റവീറ്റ് പോളണ്ടിന്റെ ഇഗ സ്വിയടെകിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-7, 7-5, 7-5. എല്ലിസ് മെര്‍ട്ടന്‍സിനെതിരെയായിരുന്നു ഹാലെപ്പിന്റെ ജയം. സ്‌കോര്‍ 4-6, 4-6.