Asianet News MalayalamAsianet News Malayalam

ഗെയിംസിൽ നിന്ന് പിന്മാറും: കോമൺവെൽത്ത് ഫെഡറേഷനോട് ഇന്ത്യ

ഗെയിംസിൽ ഇന്ത്യയുടെ മൂന്നാം സ്ഥാനം നഷ്ടമാവുകയും കാനഡയും ന്യൂസിലാന്റും ഇന്ത്യയെ മറികടക്കുകയും ചെയ്തേക്കും

We'll consider pulling out of 2022 CWG: IOA
Author
New Delhi, First Published Jun 22, 2019, 7:53 PM IST

ദില്ലി: കോമൺവെൽത്ത് ഗെയിംസിൽ നിന്ന് പിന്മാറുമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ സെക്രട്ടറി ജനറൽ രാജീവ് മേത്ത ഭീഷണി മുഴക്കി. കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഷൂട്ടിങും അമ്പെയ്ത്തും (റികർവ്) ഒഴിവാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ഇത്.

"ഈ തീരുമാനം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് അറിയാം. എന്നാൽ വ്യക്തമായ ബോധ്യത്തോടെയാണ് ഇതെടുത്തിരിക്കുന്നത്. കോമൺവെൽത്ത് ഗെയിംസിൽ ഏറ്റവും അധികം മെഡൽ ഇന്ത്യക്ക് കിട്ടുന്ന ഇനങ്ങളിലൊന്നാണ് ഷൂട്ടിംഗ്. കോമൺവെൽത്ത് ഗെയിംസ് ഈ ഇനങ്ങൾ ഒഴിവാക്കാനുള്ള തീരുമാനം എടുത്തെന്നും ഇത് പിൻവലിക്കുക ബുദ്ധിമുട്ടാണെന്നും അറിയാം. എങ്കിലും അടുത്ത മാസം ചേരുന്ന യോഗത്തിൽ കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ ഈ തീരുമാനം തിരുത്തണം. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം," രാജീവ് മേത്ത പറഞ്ഞു.

വ്യാഴാഴ്ചയാണ് കോമൺവെൽത്ത് ഫെഡറേഷന്റെ എക്സിക്യുട്ടീവ് സമിതി ഷൂട്ടിംഗും റിക്കർവ് അമ്പെയ്ത്തും ഒഴിവാക്കാൻ തീരുമാനിച്ചത്. 2022 ലെ ഗെയിംസിൽ ഈ ഇനങ്ങൾ വേണ്ടെന്നായിരുന്നു തീരുമാനം. ഇതിന് പകരമായി വനിത ടി20, പാരാ ടേബിൾ ടെന്നിസ്, ബീച്ച് വോളിബോൾ എന്നിവ ഉൾക്കൊള്ളിക്കാനായിരുന്നു തീരുമാനം. ഫെഡറേഷന്റെ 71 അംഗങ്ങളിൽ 51 ശതമാനം പേർ ഈ തീരുമാനം അംഗീകരിക്കേണ്ടതുണ്ടെങ്കിലും ഇതൊരു നടപടിക്രമം മാത്രമായിരിക്കും.

കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ 66 മെഡലുകളുമായി മൂന്നാം സ്ഥാനത്തായിരുന്നു. ഓസ്ട്രേലിയ 198 മെഡൽ നേടി ഒന്നാം സ്ഥാനത്തും ഇംഗ്ലണ്ട് 136 മെഡൽ നേടി രണ്ടാം സ്ഥാനത്തും എത്തി. ഷൂട്ടിംഗ് ഒഴിവാക്കിയാൽ ഇന്ത്യയ്ക്ക് ഈ മൂന്നാം സ്ഥാനം നഷ്ടമായേക്കും. കാനഡയും ന്യൂസിലാന്റും ഇന്ത്യയെ മറികടക്കാനുള്ള സാധ്യതകളാണ് ഉള്ളത്.

Follow Us:
Download App:
  • android
  • ios