വിംബിള്‍ഡണ്‍ ടെന്നിസ് ഇന്ന് ആരംഭിക്കും. കാര്‍ലോസ് അല്‍കാരസ് ആദ്യ മത്സരത്തില്‍ ഫാബിയോ ഫോഗ്‌നിനിയെ നേരിടും. 

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസിന് ഇന്ന് തുടക്കമാവും. പുരുഷന്‍മാരിയില്‍ യാനിക് സിന്നറും വനിതകളില്‍ അറിന സബലെന്‍കയുമാണ് ഒന്നാം സീഡ് താരങ്ങള്‍. ഹാട്രിക് കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന കാര്‍ലോസ് അല്‍കാരസ് ആദ്യ മത്സരത്തില്‍ ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്‌നിനിയെ നേരിടും. അറിന സബലെങ്ക കനേഡിയന്‍ താരം കാര്‍സണ്‍ ബ്രാന്‍സ്‌റ്റൈനാണ് എതിരാളി. അലക്‌സാണ്ടര്‍ സ്വരേവിനും ടൈലര്‍ ഫ്രിറ്റ്‌സിനും ഡാനില്‍ മെദ്‌വദേവിനും ഇന്ന് മത്സരമുണ്ട്. വനിതകളില്‍ ബാര്‍ബോറ ക്രൈജിക്കോവയാണ് നിലവിലെ ചാമ്പ്യന്‍.

ഇതിനിടെ വിംബിള്‍ഡണ്‍ ടെന്നിസ് കോര്‍ട്ട് ഡാന്‍സ് വേദിയാക്കി താരങ്ങള്‍. അറിന സബലെന്‍കയും കോകോ ഗൗഫുമാണ് കോര്‍ട്ടില്‍ നൃത്തച്ചുവടുകള്‍ വച്ചത്. മൂന്നാഴ്ച മുന്‍പ് ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ നേര്‍ക്കുനേര്‍ പോരടിച്ച താരങ്ങള്‍. ബെലാറസിന്റെ അറിന സബലെന്‍കയും അമേരിക്കയുടെ കൊകോ ഗൗഫും. മൂന്ന് സെറ്റ് നീണ്ട കിരീട പോരാടത്തില്‍ സബലെന്‍കയെ തോല്‍പിച്ച് ഗൗഫിന് രണ്ടാം ഗ്രാന്‍സ്ലാം കിരീടം. ഗൗഫിന്റെ മികവ് കൊണ്ടല്ല തന്റെ പിഴവുകള്‍ കൊണ്ടാണ് ഫൈനലില്‍ തോറ്റതെന്നായിരുന്നു സബലെന്‍കയുടെ പ്രതികരണം.

ഇതോടെ ഇരുവരും കളിക്കളത്തിന് പുറത്തും ശത്രുക്കള്‍ ആണെന്ന വാര്‍ത്തകളും പ്രചരിച്ചു. എന്നാല്‍ ഇതെല്ലാം തെറ്റാണെന്ന് തെളിയിക്കുകയാണ് സബലെന്‍കയും ഗൗഫും. വിംബിള്‍ഡണ്‍ മത്സരത്തിന് മുന്‍പ് പരിശീലനത്തിന് ഇറങ്ങിയപ്പോഴാണ് ഇരുവരും ഒരുമിച്ച് നൃത്തച്ചുവടുകള്‍ വച്ചത്. ലോക റാങ്കിംഗില്‍ സബലെന്‍ക ഒന്നും ഗൗഫ് രണ്ടും സ്ഥാനത്ത്. ഇരുവരും നേര്‍ക്കുനേര്‍ന്ന വന്ന 11മത്സരങ്ങളില്‍ ഗൗഫ് ആറിലും സബലെന്‍ക അഞ്ചിലും ജയിച്ചു.

YouTube video player