തിരുവനന്തപുരം: ടോക്കിയോ ഒളിംപിക്സില്‍ സ്വര്‍ണം നേടുകയാണ് പ്രധാന ലക്ഷ്യമെന്ന് ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു. കേരളത്തിന്റെ സ്നേഹത്തിന് നന്ദി പറഞ്ഞ സിന്ധു കേരളത്തില്‍ കിട്ടുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ലോക കിരീടം നേടാനായത് ആത്മവിശ്വാസം കൂട്ടി. കാത്തിരുന്ന് നേടിയ ജയം മുന്നോട്ടുള്ള കരിയറില്‍ പ്രചോദനമാണ്. ഒളിംപിക്സിന് മുമ്പുള്ള എല്ലാ ടൂര്‍ണമെന്റുകളും പ്രധാനമാണ്. അടുത്ത ഡെന്‍മാര്‍ക്ക് ഓപ്പണില്‍ തിളങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും സിന്ധു പറഞ്ഞു.

Also Read: സെറ്റുടുത്ത്, മുല്ലപ്പൂ ചൂടി, ചന്ദനക്കുറിയണിഞ്ഞ് പി വി സിന്ധു; മലയാളിക്കുട്ടിയെന്ന് ആരാധകര്‍

ലോക കിരീടം നേടിയ പി വി സിന്ധുവിനെ കേരളം ഇന്ന് ആദരിക്കും. ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയ സിന്ധുവിനെ വിമാനത്താവളത്തില്‍ കേരള ഒളിംപിക് അസോസിയേഷന്‍ ഭാരവാഹികളും ആരാധകരും ചേര്‍ന്ന് സ്വീകരിച്ചു. സിന്ധുവിനെ കാണാന്‍ വിമാനത്താവള പരിസരത്തും ആരാധകര്‍ തടിച്ചുകൂടിയിരുന്നു.  രാവിലെ പദ്‌മനാഭ സ്വാമിക്ഷേത്രത്തിലും ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലും സിന്ധു ദർശനം നടത്തി.

ലോക ബാഡ്മിന്റണ്‍ കിരീടനേട്ടത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികമായി പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപയും ഉപഹാരവും ഇന്ന് മൂന്ന് മണിക്ക് ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ  മുഖ്യമന്ത്രി പിണറായി വിജയന്‍ സിന്ധുവിന് സമ്മാനിക്കും.