മോസ്‌കോ: ലോക വനിതാ ബോക്സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം മേരി കോമിന് ഇന്ന് ആദ്യ മത്സരം. റഷ്യയിൽ ഇന്ത്യന്‍ സമയം വൈകിട്ട് 3.30നാണ് മേരി കോം പ്രീ ക്വാര്‍ട്ടറില്‍ മത്സരിക്കുന്നത്.

ഏഴാം ലോകകിരീടത്തിലേക്ക് ആദ്യ ചുവടുവയ്ക്കാനാണ് ഇന്ത്യയുടെ മാഗ്നിഫിസന്‍റ് മേരി ഇറങ്ങുന്നത്. ആദ്യ റൗണ്ടിൽ ബൈ ലഭിച്ച മേരി കോമിനെ പ്രീ ക്വാര്‍ട്ടറില്‍ കാത്തിരിക്കുന്നത് തായ്‍‍ലന്‍ഡിന്‍റെ ജിപോങ് . 51 കിലോ വിഭാഗത്തിൽ മേരി കോ മൂന്നാം സീഡെങ്കില്‍ തായ് താരം സീഡ് ചെയ്യപ്പെട്ടിട്ടില്ല.

ലോക ചാംപ്യന്‍ഷിപ്പില്‍ മേരി കോം ഇതിന് മുന്‍പ് നേടിയിട്ടുള്ള ഏഴ് മെഡലും 45, 48 കിലോ വിഭാഗങ്ങളിലായിരുന്നു. 51 കിലോ വിഭാഗത്തില്‍ മുന്‍പ് മത്സരിച്ച രണ്ട് തവണയും ക്വാര്‍ട്ടര്‍ കടക്കാന്‍ മേരി കോമിന് കഴിഞ്ഞില്ല. എന്നാല്‍ റഷ്യയിൽ ഇക്കുറി കാര്യങ്ങള്‍ മാറുമെന്നാണ് 36കാരിയായ മേരിയുടെ പ്രതീക്ഷ. 75 കിലോ വിഭാഗത്തിൽ ആദ്യ റൗണ്ടിൽ ജയിച്ച സവീറ്റി ബൂറയ്ക്കും വൈകിട്ട് പ്രീ ക്വാര്‍ട്ടര്‍ മത്സരമുണ്ട്. രണ്ടാം സീഡായ ലൗറന്‍ പ്രൈസാണ് എതിരാളി.