മോസ്‌കോ: ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം 54 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ ജമുന ബോറോയും 69 കിലോ ഗ്രാം വിഭാഗത്തില്‍  ലോവ്‌ലിന ബോര്‍ഗോഹെയ്‌നും ക്വാര്‍ട്ടറിലെത്തി. പ്രീ ക്വാര്‍ട്ടറില്‍ അഞ്ചാം സീഡ് അള്‍ജീരിയയുടെ ഓയ്‌ദാദ് സ്ഫോയെ അട്ടിമറിച്ചാണ് ബോറോ ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍ 5-0. ആഫ്രിക്കന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് കൂടിയാണ് സ്ഫോ. നാലാം സീഡ് ബെലാറസിന്റെ യൂലിയ അപന്‍സോവിച്ച് ആണ് ക്വാര്‍ട്ടറില്‍ ബോറോയുടെ എതിരാളി.

പതുക്കെ തുടങ്ങിയ ബോറോ പിന്നീട് എതിരാളിയെ അഞ്ച് റൗണ്ടിലും ഇടിച്ചുകയറി. മൂന്നാം റൗണ്ടിലായിരുന്നു ബോറോയുടെ ഇടികൊണ്ട് സ്ഫോ ശരിക്കും വലഞ്ഞത്. അഞ്ച് റൗണ്ടിലും 28-29, 27-30, 27-30, 27-30, 27-30  എന്നിങ്ങനെ വ്യക്തമായ ലീഡ് നേടാന്‍ ബോറോക്കായി. അസം റൈഫിള്‍സ് ജീവനക്കാരിയായ ബോറോയുടെ അമ്മ പച്ചക്കറി വില്‍പ്പനക്കാരിയാണ്. ഈ വര്‍ഷം നടന്ന ഇന്ത്യ ഓപ്പണിലും ബോറോ സ്വര്‍ണം നേടിയിരുന്നു. 2015ലെ യൂത്ത് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മനെഡല്‍ ജേതാവ് കൂടിയാണ് ബോറോ.

69 കിലോ ഗ്രാം വിഭാഗത്തില്‍ മൂന്നാം സീഡായ ഇന്ത്യയുടെ ലോവ്‌ലിന ബോര്‍ഗോഹെയ്‌നും ക്വാര്‍ട്ടറിലെത്തി. മൊറോക്കോയുടെ ഔമൈമ ബെല്‍ അഹ്‌ബിബിനെ ഇടിച്ചിട്ടാണ്(5-0) ലോവ്‌ലിന ക്വാര്‍ട്ടറിലെത്തിയത്. ആറാം സീഡായ പോളണ്ടിന്റെ കരോലീന കോസ്‌വെസ്കയാണ് ലോവ്‌ലിനയുടെ ക്വാര്‍ട്ടറിലെ എതിരാളി.

ബോറോയും ലോവ്‌ലിനയും കൂടി ഇടിച്ചു കയറിയതോടെ ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറിലെത്തി ഇന്ത്യന്‍ താരങ്ങളുടെ എണ്ണം അഞ്ചായി. ആറു തവണ ചാമ്പ്യനായിട്ടുള്ള മേരി കോം(51 കിലോ ഗ്രാം), മഞ്ജു റാണി(48 കിലോ ഗ്രാം), കവിതാ ചാഹല്‍ (+81 കിലോ ഗ്രാം), എന്നിവരാണ് ക്വാര്‍ട്ടറിലെത്തിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.