കൊല്‍ക്കത്ത: ഇന്ത്യന്‍ അമ്പെയ്ത്ത് ഫെഡറേഷന് ഏര്‍പ്പെടുത്തിയ വിലക്ക്, രാജ്യാന്തര അമ്പെയ്ത്ത് സംഘടനയായ വേള്‍ഡ് ആര്‍ച്ചറി പിന്‍വലിച്ചു. രാജ്യാന്തര നിരീക്ഷകന് കീഴില്‍ ദേശീയ ഫെഡറഷനിലേക്ക് തെരഞ്ഞെടുപ്പ് നടന്നതിന് പിന്നാലെയാണ് നടപടി. ഇതോടെ ഒളിംപിക്സ് ഉള്‍പ്പെടുയുള്ള വേദികളില്‍ ഇന്ത്യന്‍ അമ്പെയ്ത്ത് താരങ്ങള്‍ക്ക് ദേശീയ പതാകയ്ക്ക് കീഴില്‍ മത്സരിക്കാനാകും. കായികതാരങ്ങള്‍ക്ക് അംഗത്വം നല്‍കാനുള്ള അസോസിയേഷന്‍ ഭരണഘടനയില്‍ മാറ്റം വരുത്താനും വേള്‍ഡ് ആര്‍ച്ചറി ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്തിടെ ഏഷ്യന്‍ ചംപ്യന്‍ഷിപ്പില്‍, നിഷ്പക്ഷ അത്ലറ്റുകളായാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരിച്ചത്. അതേസമയം രാജ്യാന്തര സംഘടനയുടെ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും, മൂന്ന് മാസത്തിലൊരിക്കൽ റിപ്പോര്ട്ട് നൽകണമെന്നും വേള്‍ഡ് ആര്‍ച്ചറി ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ ലാസ് വെഗാസിൽ നടക്കുന്ന ഇന്‍ഡോര്‍ ലോക സീരിസ് ആണ് അടുത്ത പ്രധാന ചാംപ്യന്‍ഷിപ്പ്.

സംഘടന ഭാരവാഹിത്വത്തിനുള്ള മത്സരമാണ് ഇന്ത്യന്‍ ആർച്ചറി അസോസിയേഷന്റെ വിലക്കിന് കാരണമായത്. ഒരേ സംഘടനയുടെ ഭാരവാഹിത്വത്തിനായി രണ്ടിടത്ത് തെരഞ്ഞെടുപ്പ് നടക്കുകയും അർജുൻ മുണ്ടയും ബി.വി.പി റാവുവും ഓരോ വിഭാഗത്തിന്റെയും പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ദേശീയ അസോസിയേഷൻ രണ്ടായി പിളർന്ന് സമാന്തര പ്രവർത്തനം ആരംഭിച്ചതോടെയാണ് വേള്‍ഡ് ആര്‍ച്ചറി വിലക്കേര്‍പ്പെടുത്തിയത്.