Asianet News MalayalamAsianet News Malayalam

രാജ്യത്തിന്‍റെ പ്രതീക്ഷകള്‍ ചുമലിലേറി നീരജ് ചോപ്ര, ലോക ഫൈനല്‍ നാളെ; കാത്തിരിക്കുന്നത് റെക്കോര്‍ഡ്

ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 89.91 മീറ്റര്‍ ദൂരം താണ്ടി ഗ്രാനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ആണ് യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തിയത്

World Athletics Championships 2022 javelin throw final Neeraj Chopra eyes to create record with Gold
Author
Oregon City, First Published Jul 23, 2022, 6:12 PM IST

ഒറിഗോണ്‍: ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ(World Athletics Championship 2022) ഇന്ത്യയുടെ മെഡൽ പ്രതീക്ഷയുമായി നീരജ് ചോപ്ര(Neeraj Chopra) നാളെയിറങ്ങും. ഞായറാഴ്‌ച ഇന്ത്യൻസമയം രാവിലെ 7.05നാണ് ജാവലിൻ ത്രോ ഫൈനൽ(Javelin Throw Final) തുടങ്ങുക. യോഗ്യതാ റൗണ്ടിൽ 88.39 മീറ്റർ ദൂരത്തോടെ രണ്ടാംസ്ഥാനക്കാരനായാണ് നീരജ് തന്‍റെ കന്നി ലോക ഫൈനലിന് യോഗ്യത നേടിയത്. കരിയറില്‍ 89.94 മീറ്ററാണ് നീരജിന്‍റെ മികച്ച ദൂരം. ഒറിഗോണില്‍ മെഡലോടെ നീരജ് ചോപ്ര 90 മീറ്റര്‍ മാര്‍ക്ക് പിന്നിടുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്.

ജയിച്ചാല്‍ റെക്കോര്‍ഡ്

ചെക് റിപ്പബ്ലിക്കിന്‍റെ യാൻ സെലസ്നിക്കും നോർവേയുടെ ആന്ദ്രേസ് തോർകിൽഡ്സണും ശേഷം ഒളിംപിക്‌സിലും ലോക ചാമ്പ്യൻഷിപ്പിലും സ്വർണം നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് നീരജിനെ കാത്തിരിക്കുന്നത്. 2009ലായിരുന്നു ആന്ദ്രേസിന്‍റെ നേട്ടം. നീരജിനൊപ്പം ഇന്ത്യയില്‍ നിന്ന് രോഹിത് യാദവും ജാവലിൻ ഫൈനലിൽ മത്സരിക്കുന്നുണ്ട്. യോഗ്യതാ റൗണ്ടിൽ 80.42 മീറ്റർ ദൂരം കണ്ടെത്തിയ രോഹിത് പതിനൊന്നാമനായാണ് ഫൈനലിൽ എത്തിയത്. ലോക ചാമ്പ്യൻഷിപ്പിൽ ഒരിനത്തിൽ രണ്ട് ഇന്ത്യൻ താരങ്ങൾ ഫൈനലിലെത്തുന്നത് ഇതാദ്യമാണ്.

ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പില്‍ 89.91 മീറ്റര്‍ ദൂരം താണ്ടി ഗ്രാനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് ആണ് യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തിയത്. നീരജ് ചോപ്ര രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 87.28 മീറ്റര്‍ ദൂരം താണ്ടിയ ജര്‍മനിയുടെ ജൂലിയന്‍ വെബ്ബര്‍ മൂന്നാം സ്ഥാനത്തെത്തി. 83.50 മീറ്റർ ദൂരം മറികടക്കുന്നവരോ അല്ലെങ്കിൽ രണ്ട് യോഗ്യതാ ഗ്രൂപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ 12 താരങ്ങളോ ആണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. നിലവിലെ ചാമ്പ്യന്‍ കൂടിയായ ആന്‍ഡേഴ്സണ്‍ പീറ്റേഴ്‌സ് ആയിരിക്കും നീരജിന് വലിയ വെല്ലുവിളിയാവാന്‍ സാധ്യത. 93 മീറ്റര്‍ പിന്നിട്ടിട്ടുള്ള സീസണിലെ മികച്ച ഫോം പീറ്റേഴ്‌സിന് അനുകൂല ഘടകമാണ്. 

നീരജ് രാജാവായ ടോക്കിയോ

ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണത്തിലൂടെ സ്വന്തമാക്കിയത്. ടോക്കിയോയില്‍ 87.58 ദൂരം താണ്ടിയായിരുന്നു നീരജിന്‍റെ സ്വര്‍ണ നേട്ടം. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമതെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് സ്ഥാനം നിലനിര്‍ത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററെ താണ്ടിയുള്ളൂവെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി. അവസാന മൂന്ന് റൗണ്ടിലെ നീരജിന്‍റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായെങ്കിലും പിന്നീടാരും നീരജിനെ വെല്ലുന്ന ത്രോ പുറത്തെടുത്തില്ല.

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: നീരജ് ചോപ്രയും രോഹിത് യാദവും ഫൈനലിൽ
 

Follow Us:
Download App:
  • android
  • ios