ദോഹ: ടോക്കിയോ ഒളിംപിക്സിൽ മെഡൽ ഉറപ്പിക്കാവുന്ന പ്രകടനമൊന്നുമില്ലാതെയാണ് ഇന്ത്യ ലോകചാംപ്യന്‍ഷിപ്പ് അവസാനിപ്പിച്ചത്. എത്ര താരങ്ങള്‍ ഒളിംപിക് യോഗ്യത നേടുമെന്ന് അറിയാനുള്ള ആകാംക്ഷയാണിനി. 2017ൽ ലണ്ടനില്‍ നടന്ന ലോകചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലിലെത്തിയത് ഒരിനത്തില്‍ മാത്രം. ഇത്തവണ മൂന്ന് ഫൈനലുകളില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ താരങ്ങളുണ്ടായി.

ഇന്ത്യന്‍ അത്ലറ്റിക്സിന്‍റെ നിലവാരം മെച്ചപ്പെട്ടെന്ന് പറയാന്‍ ഈ കണക്ക് പലരും ഉയര്‍ത്തിക്കാട്ടുന്നുണ്ടെങ്കിലും, ദോഹ സമ്മാനിക്കുന്നത് കൂടുതലും ആശങ്കകള്‍. ലോകവേദിയിൽ അരങ്ങേറ്റം നടത്തിയ മിക്സ്ഡ് റിലേയിൽ മലയാളിപ്പട  ഫൈനലിലെത്തിയത് നേട്ടമായി.

വി കെ വിസ്മയയും , നോഹ നിര്‍മൽ ടോമുമാണ് റിലേയിൽ കൂടുതൽ മികച്ചുനിന്നത്. ജാവലിന്‍ ത്രോയിൽ ലോക ഫൈനലിലെത്തുന്നെ ആദ്യ ഇന്ത്യന്‍ വനിതയായി അന്നു റാണി. 3 ദിവസത്തിനിടെ 2 വട്ടം ദേശീയ റെക്കോര്‍ഡ് തിരുത്തിയ അവിനാശ് സാബ്ലേ , 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ രാജ്യത്തിന്‍റെ പ്രതീക്ഷയാണ്. 400 മീറ്റര്‍ ഹര്‍ഡിൽസില്‍ സെമിയിലെത്തിയ എം പി ജാബിറിന്‍റെ പ്രകടനവും അവഗണിക്കാനാകില്ല.

ഹിമ ദാസും, സരിതാബെന്‍ ഗെയ്ക്‌വാദും ഇല്ലെങ്കിലും വനിതകളുടെ 4 ഗുണം 400 മീറ്റര്‍ റിലേ ടീമിന് ദേശീയ റെക്കോര്‍ഡ് തിരുത്താനായി. എന്നാൽ കോടികള്‍ മുടക്കി റിലേ ടീമിനെ വിദേശത്തയച്ച് നടത്തുന്ന പരിശീലനം കൊണ്ട് എന്ത് പ്രയോജനമെന്നതിൽ വസ്തുനിഷ്ഠമായ പരിശോധന വേണ്ടതാണ്.

ഹിമ ദാസിന്‍റെ ദുരൂഹമായ പരിക്കും ചോദ്യങ്ങള്‍ ഉയര്‍ത്തും. കെ ടി ഇര്‍ഫാനും , അവിനാശ് സാബ്ലേയും , മിക്സ്ഡ് റിലേ ടീമുമാണ് അടുത്ത വര്‍ഷത്തെ ടോക്യോ ഒളിപിക്സിന് ഇതുവരെ യോഗ്യത നേടിയ ഇന്ത്യന്‍ അത് ലറ്റുകള്‍. ജാവലിന്‍ ത്രോയില്‍ ഏഷ്യന്‍ ,കോമൺവെല്‍ത്ത് ഗെയിംസ് ചാംപ്യനായ നീരജ് ചോപ്ര പരിക്ക് ഭേദമായി ഉടന്‍ തിരിച്ചത്തുമെന്ന് പ്രതീക്ഷിക്കാം.