Asianet News MalayalamAsianet News Malayalam

ഒളിംപിക്സ് മാറ്റിവെച്ചതിന് പിന്നാലെ ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ് 2022ലേക്ക് മാറ്റി

അടുത്തവര്‍ഷം ഇതേസമയത്ത് ഒളിംപിക്സ് നടക്കുന്നതിനാലാണ് ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ് 2022ലേക്ക് നീട്ടിയത്. ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. 

World Athletics Championships moved to July 2022 to avoid Olympics clash
Author
London, First Published Apr 8, 2020, 8:51 PM IST

ലണ്ടന്‍: കൊവിഡ് 19 വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ടോക്കിയോ ഒളിംപിക്സ് അടുത്തവര്‍ഷത്തേക്ക് നീട്ടിയതോടെ അടുത്തവര്‍ഷം നടക്കേണ്ട ലോക അത്‌ലറ്റിക്‌ ചാമ്പ്യഷിപ്പ് 2022ലേക്ക് നീട്ടിവെച്ചു. 2022 ജൂലൈ 14 മുതല്‍ 24വരെയാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. അടുത്തവര്‍ഷം ഓഗസ്റ്റ് ആറ് മുതല്‍ 15 ഒറിഗോണിലോ യൂജിനിലായിരുന്നു ചാമ്പ്യന്‍ഷിപ്പ് നടക്കേണ്ടിയിരുന്നത്.

അടുത്തവര്‍ഷം ഇതേസമയത്ത് ഒളിംപിക്സ് നടക്കുന്നതിനാലാണ് ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ് 2022ലേക്ക് നീട്ടിയത്. ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. 2022ല്‍ ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനെയും, യൂറോപ്യന്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിനെയും ബാധിക്കാത്ത രീതിയിലാണ് പുതിയ തീയതികള്‍ നിശ്ചയിച്ചതെന്ന് വേള്‍ഡ് അത്‌ലറ്റിക്‌സ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ് പൂര്‍ത്തിയായി മൂന്ന് ദിവസം കഴിഞ്ഞാല്‍ ജൂലൈ 27ന് കോണ്‍വെല്‍ത്ത് ഗെയിംസ് ആരംഭിക്കും.

മൂന്ന് ലോകോത്തര മത്സരങ്ങള്‍ അടുത്തടുത്ത് വരുന്നത് കായികപ്രേമികള്‍ക്ക് വിരുന്നാകുമെന്ന് വേള്‍ഡ് അത്‌ലറ്റിക്‌ പ്രസി‍ഡന്റ് സെബാസ്റ്റ്യന്‍ കോ വ്യക്തമാക്കി.കഴിഞ്ഞവര്‍ഷം ദോഹയിലാണ് അവസാനം ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നടന്നത്. 2022ലെ ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ഒരുവര്‍ഷത്തെ ഇടവേളയില്‍ 2023ല്‍ ബൂഡാപെസ്റ്റില്‍ ചാമ്പ്യന്‍ഷിപ്പ് നടക്കും.

Follow Us:
Download App:
  • android
  • ios