ബാസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ അട്ടിമറി വിജയങ്ങളുമായി പുരുഷ വിഭാഗം സിംഗിള്‍സ് സെമിയിലെത്തിയ ഇന്ത്യയുടെ സായ് പ്രണീതിന് സെമിയില്‍ അടിതെറ്റി. ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ മൊമോട്ടയോട് നേരിട്ടുള്ള  ഗെയിമുകള്‍ക്കാണ് പ്രണീത് അടിയറവ് പറഞ്ഞത്. സ്കോര്‍ 13-21, 8-21.

ആദ്യ ഗെയിമിലും രണ്ടാം ഗെയിമിലും ആദ്യ പോയന്റ് നേടിയത് പ്രണീതാണ്. എന്നാല്‍ ആദ്യ ഗെയിമില്‍ മൊമോട്ട 4-3ന് ലീഡുമായി മുന്നില്‍ക്കയറി. ലോക ഒന്നാം നമ്പര്‍ താരത്തെ പത്തൊമ്പതാം റാങ്കുകാരനായ പ്രണീത് 10-11വരെ ഒപ്പം പിടിച്ചു. എന്നാല്‍ 10-15ന് അഞ്ച് പോയന്റ് ലീഡെടുത്ത മൊമൊട്ട പിന്നീട് 21-13ന് അനായാസം ഗെയിമുമായി തിരിച്ചുകയറി.

രണ്ടാം ഗെയിമിലും ആദ്യ പോയന്റ് പ്രണീതിനായിരുന്നു.എന്നാല്‍ 2-6ന് മുന്നിലെത്തിയ മൊമൊട്ട പ്രണീതിനെ പൊരുതാന്‍ പോലും അനുവദിക്കാതെ ഗെയിമും മത്സരവും സ്വന്തമാക്കി. സെമിയില്‍ തോറ്റെങ്കിലും സെമിയിലെത്തിയതോടെ പ്രണീത് വെങ്കല മെഡല്‍ ലഭിക്കും. പ്രകാശ് പദുക്കോണിനുശേഷം 36 വര്‍ഷം കഴിഞ്ഞാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പുരുഷതാരം മെഡല്‍ നേടുന്നത്.