ആലപ്പുഴ: ലോക സർവകലാശാല പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയതിന്‍റെ സന്തോഷത്തിലാണ് ആലപ്പുഴ കളർകോട് സ്വദേശി അനീറ്റ ജോസഫ്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം സർവകലാശാല ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്നത്.

യൂറോപ്പിലെ എസ്റ്റോണിയയിൽ നടന്ന സർവകലാശാല പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിലാണ് അനീറ്റ ജോസഫ് സ്വ‌ർണം നേടിയത്. 47 കിലോഗ്രാം വിഭാഗത്തിലാണ് അനീറ്റയുടെ അഭിമാന നേട്ടം. ഇന്ത്യൻ ടീമിൽ കേരള സർവകലാശാലയെ പ്രതിനിധീകരിച്ചാണ് അനീറ്റ മത്സരത്തിനിറങ്ങിയത്. കളർകോട് എസ്‍ഡി കോളേജിലെ എംഎസ്‍സി കെമിസ്ട്രി വിദ്യാർത്ഥിയാണ്.

പവ‍ർ ലിഫ്റ്റിംഗ് ചാമ്പ്യന്മാരായ ജോസഫിന്‍റെയും പുഷ്‌പം ജോസഫിന്‍റെയും മൂത്ത മകളാണ് അനീറ്റ. സഹോദരി അലീനാ ജോസഫും ദേശീയ സബ് ജൂനിയർ പവർ ലിഫ്റ്റിംഗ് ചാമ്പ്യനാണ്. ആദ്യമായി ലോക സർവകലാശാല പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഇന്ത്യൻ ടീം ഒരു സ്വർണവും ആറ് വെള്ളിയും മൂന്ന് വെങ്കലവും സ്വന്തമാക്കി.