ദില്ലി: ലോക ഗുസ്‌തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ദീപക് പൂനിയക്ക് വെള്ളി മാത്രം. കണങ്കാലിനേറ്റ പരിക്ക് മൂലം 86 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗം ഫൈനലില്‍ നിന്ന് ദീപക് പിന്‍മാറിതോടെയാണിത്. ഇറാന്‍ താരവും ലോക ചാമ്പ്യനുമായ ഹസന്‍ യസ്ദാനിയായിരുന്നു ഫൈനലില്‍ ദീപക്കിന്‍റെ എതിരാളി. ഇന്ന് വൈകിട്ടാണ് ഫൈനൽ നടക്കേണ്ടിയിരുന്നത്. 

ഈ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നാലാം മെഡലാണിത്. വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പൂനിയ, രവി കുമാര്‍ ദാഹിയ എന്നിവര്‍ നേരത്തെ വെങ്കലം നേടിയിരുന്നു. 

സുശീല്‍ കുമാറിന് ശേഷം ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തി താരമാകാനുള്ള ദീപകിന്‍റെ ശ്രമത്തിനാണ് ഇതോടെ തിരിച്ചടിയേറ്റത്. അടുത്ത വര്‍ഷത്തെ ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടാന്‍ ഇരുപതുകാരനായ ദീപക്കിന് കഴിഞ്ഞിട്ടുണ്ട്. 61 കിലോ വിഭാഗത്തില്‍ രാഹുല്‍ അവാരെ ഇന്ന് വെങ്കലമെഡൽ പോരാട്ടത്തിനും ഇറങ്ങും.