ദില്ലി: കായികരംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം ഗുസ്തി താരം ബജ്റംഗ് പുനിയക്കെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപിനം വൈകാതെ ഉണ്ടാകുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ രണ്ടുവര്‍ഷമായി പുറത്തെടുത്ത സ്ഥിരതയാര്‍ന്ന പ്രകടനത്തിനാണ് അംഗീകാരം. പുനിയക്കൊപ്പെ വിനേഷ് ഫോഗട്ടിനെയും ഗുസ്തി ഫെഡറേഷന്‍ ഖേല്‍രത്നക്കായി ശുപാര്‍ശ ചെയ്തിരുന്നു.

65 കിലോഗ്രാം വിഭാഗത്തില്‍ നിലവില്‍ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരനാണ് ബജ്റംഗ്. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ 65 കിലോ ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യക്കായി ബജ്റംഗ് സ്വര്‍ണം നേടിയിരുന്നു. ഒളിംപിക് മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്തിനു കീഴില്‍ പരിശീലനം നടത്തുന്ന ബജ്‌റംഗ്  ഏഷ്യന്‍ ഗെയിംസ് സ്വര്‍ണത്തിന് പുറമെ  2018ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗോള്‍ഡ് കോസ്റ്റിലും സ്വര്‍ണം നേടി.

ടിബിലിസി ഗ്രാന്‍ പ്രീയിലും യാസര്‍ ദോഗു ഇന്റര്‍നാഷനല്‍ ചാംപ്യന്‍ഷിപ്പിലും സ്വര്‍ണ നേട്ടം ആവര്‍ത്തിച്ച ബജ്റംഗ് ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിന് മുമ്പ് ഇഞ്ചോണ്‍ ഏഷ്യന്‍ ഗെയിംസില്‍ 61 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, ഭാരദ്വോഹക മിരഭായ് ചാനു എന്നിവര്‍ക്കാണ് ഖേല്‍രത്ന പുരസ്കാരം ലഭിച്ചത്. 1991-92ലാണ് കായികരംഗത്തെ മികവിനുളള ഖേല്‍രത്ന പുരസ്കാരം നല്‍കിത്തുടങ്ങിയത്. ചെസ് താരം വിശ്വനാഥന്‍ ആനന്ദായിരുന്നു ആദ്യ ജേതാവ്.