ദില്ലി: പി വി സിന്ധു ലോകകിരീടം നേടിയതാണ് ഇന്ത്യൻ ബാഡ്‌മിന്‍റണിൽ ഈവർഷത്തെ ഏറ്റവും വലിയ നേട്ടം. യുവതാരം ലക്ഷ്യ സെന്നിന്‍റെ വിജയങ്ങളും ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നതാണ്.

സിന്ധു ലോകത്തിന്‍റെ നെറുകയില്‍

ഇന്ത്യ ബാഡ്‌മിന്‍റൺ ലോകത്തിന്റെ നെറുകയിലെത്തിയ നിമിഷം. ജപ്പാൻ താരം നൊസോമി ഒകുഹാരയെ വീഴ്ത്തിയായിരുന്നു സിന്ധുവിന്‍റെ ചരിത്രനേട്ടം. 2017ലും 2018ലും ഫൈനലിൽ തോറ്റതിനുള്ള മധുരപ്രതികാരം കൂടിയായിരുന്നു സിന്ധുവിന് ഈ വിജയം. എന്നാല്‍ ലോക ചാമ്പ്യനായതിന് ശേഷം കോർട്ടിലിറങ്ങിയപ്പോള്‍ വേൾഡ് ടൂർ ഫൈനൽസിൽ ഉൾപ്പടെ സിന്ധുവിന് അടിതെറ്റി.

തിരിച്ചടിയേറ്റ് താരങ്ങള്‍

ഇന്തോനേഷ്യ മാസ്റ്റേഴ്‌സ് സൂപ്പർ കിരീടം മാറ്റിനിർത്തിയാൽ സൈന നെഹ്‍വാളിനും തിരിച്ചടികളുടെ വർഷമാണിത്. പുരുഷൻമാരിൽ ബി സായ്പ്രണീത് ലോക ചാമ്പ്യൻഷിപ്പിൽ നേടിയ വെങ്കലമാണ് ആശ്വസിക്കാനുള്ളത്. മലയാളിതാരം എച്ച് എസ് പ്രണോയിയും പി കശ്യപും കെ ശ്രീകാന്തും നിരാശപ്പെടുത്തി. പതിനെട്ടുകാരൻ ലക്ഷ്യ സെൻ അഞ്ച് കിരീടം നേടി കരുത്തുതെളിയിച്ചത് ഇന്ത്യന്‍ ബാഡ്‌മിന്‍റണിന് പ്രതീക്ഷയാണ്. 

ഒളിംപിക് വർഷത്തിലേക്ക് കടക്കുമ്പോൾ സാത്വിക് സായ്‍രാജ്- ചിരാഗ് ഷെട്ടി സഖ്യത്തിന്‍റെ മുന്നേറ്റവും പ്രതീക്ഷ നൽകുന്നു. തായ്‍ലൻഡ് ഓപ്പണില്‍ സാത്വിക്- ചിരാഗ് സഖ്യം കിരീടം നേടിയപ്പോൾ ഫ്രഞ്ച് ഓപ്പണിന്‍റെ ഫൈനലിലുമെത്തി.