പാരിസ്: ലോക ടെന്നീസിൽ റാഫേൽ നദാൽ കരുത്ത് തെളിയിച്ച വർഷമായിരുന്നു 2019. രണ്ട് ഗ്രാൻസ്ലാം കിരീടത്തിനൊപ്പം ലോക റാങ്കിംഗിൽ ഒന്നാംസ്ഥാനവും നദാൽ തിരിച്ചുപിടിച്ചു. വനിതാ ടെന്നിസിൽ താരോദയങ്ങളും ഈവർഷം കണ്ടു.

മുപ്പത്തിമൂന്നാം വയസ്സിലും കാളക്കൂറ്റന്റെ കരുത്തുമായി റാഫേൽ നദാൽ. പരുക്ക് വിടാതെ പിടികൂടിയ നദാലിന് ഈവർഷം കോർട്ടിൽ ഇറങ്ങാനായത് മെയിൽ മാത്രം. കളിമൺകോർട്ടിലെ ആധിപത്യം തുടർന്ന സ്‌പാനിഷ്താരം ഡൊമിനിക് തീമിനെ തോൽപിച്ച് പന്ത്രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടം സ്വന്തമാക്കി. ഡാനിൽ മെഡ്‍വദേവിന്റെ പോരാട്ടത്തെ അതിജീവിച്ച നദാൽ യു എസ് ഓപ്പണിലും കപ്പുയർത്തി.

പത്തൊൻപതാം ഗ്രാൻസ്ലാം കിരീടത്തിനൊപ്പം ലോക ഒന്നാംനന്പർ താരമെന്ന തലയെടുപ്പോടെ പുതുവർഷത്തിലേക്ക് കടക്കുന്ന നദാൽ സ്‌പെയ്‌നെ ഡേവിസ് കപ്പിലും കിരീടത്തിലേക്ക് നയിച്ചു. ഓസ്‌ട്രേലിയൻ ഓപ്പണിൽ നദാലിനെ വീഴ്‌ത്തിയ നൊവാക് ജോകോവിച്ചിനായിരുന്നു കിരീടം. വിംബിൾഡൺ സാക്ഷ്യംവഹിച്ചത് ചരിത്രത്തിലെ ഏറ്റവും ദൈര്‍‌ഘ്യമേറിയ ഫൈനൽ. നാലുമണിക്കൂറും 57 മിനിറ്റും നീണ്ടകലാശപ്പോരാട്ടത്തിൽ റോജർ ഫെഡറർക്കെതിരെ നൊവാക് ജോകോവിച്ചിന്റെ വിജയം രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക്.

എടിപി ഫൈനൽസ് കിരീടം സ്വന്തമാക്കിയത് സ്റ്റെഫാനോസ് സിറ്റ്സിപാസ്. നദാൽ, ജോകോവിച്ച്, ഫെഡർ ത്രയത്തിന് ഭീഷണിയുമായി മെദ്‍വദേവ്, സിറ്റ്സിപാസ്, അലക്സാണ്ടർ സ്വരേവ് തുടങ്ങിയവർ കരുത്ത് തെളിയിച്ച വർഷം കൂടിയായിരുന്നു ഇത്.

വനിതകളിൽ ആഷ്‍ലി ബാർട്ടിയുടെയും ബിയാൻക ആൻഡ്രെസ്ക്യൂവിന്റെയും കുതിപ്പായിരുന്നു ഈവർഷം. ലോക റാങ്കിംഗിൽ പതിനഞ്ചാം സ്ഥാനത്തുനിന്ന് തുടങ്ങിയ ബാർട്ടി ഫ്രഞ്ച് ഓപ്പൺ, WTA ഫൈനല്‍സ് കിരീടത്തിനൊപ്പം ഒന്നാം റാങ്കും സ്വന്തമാക്കി. യു എസ് ഓപ്പൺ ഫൈനലിൽ സെറീന വില്യംസിനെ വീഴ്‌ത്തിയ കൗമാരതാരം ബിയാൻക ആൻഡ്രെസ്ക്യൂ ആയിരുന്നു ഈവർഷത്തെ വിസ്‌മയതാരം.

വിംബിൾഡൺ ഫൈനലിലും സെറീന വില്യംസിന് അടിതെറ്റി. കപ്പുയർത്തിയത് സിമോണ ഹാലെപ്. പെട്ര ക്വിറ്റോവയെ തോൽപിച്ച നവോമി ഒസാക്കയ്‌ക്കായിരുന്നു ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം.