രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 1ന് പോളിങ് നടന്ന ഹാഫ്ലോംഗ് മണ്ഡലത്തിലെ ബൂത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. 74 ശതമാനമായിരുന്നു ഹാഫ്ലോംഗ് മണ്ഡലത്തിലെ പോളിങ് ശതമാനം. 

ഹാഫ്ലോങ്: 90 വോട്ടര്‍മാര്‍ മാത്രമുള്ള ബൂത്തില്‍ രേഖപ്പെടുത്തിയത് 171 വോട്ടുകള്‍. അസമിലെ ദിമ ഹസാവോ ജില്ലയിലാണ് വോട്ടര്‍മാരേക്കാള്‍ ഇരട്ടിയോളം വോട്ടുകള്‍ രേഖപ്പെടുത്തിയതായി വ്യക്തമായത്. തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണം ശക്തമാക്കുന്നതാണ് പുതിയ കണ്ടെത്തല്‍. രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 1ന് പോളിങ് നടന്ന ഹാഫ്ലോംഗ് മണ്ഡലത്തിലെ ബൂത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. 74 ശതമാനമായിരുന്നു ഹാഫ്ലോംഗ് മണ്ഡലത്തിലെ പോളിങ് ശതമാനം.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അഞ്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. 107(എ) ഖോട്ട്ലര്‍ എല്‍പി സ്കൂളിലെ ബൂത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇവിടെ റീ പോളിങിന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. പ്രധാന വോട്ട് കേന്ദ്രമായ മോള്‍ഡാം എല്‍പി സ്കൂളില്‍ തന്നെ ബൂത്ത് ക്രമീകരിക്കാനാണ് നീക്കം. സെക്ടര്‍ ഓഫീസര്‍, പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‌, സെക്കന്‍ഡ് പോളിങ് ഓഫീസര്‍, തേര്‍ഡ് പോളിങ് ഓഫീസര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

ഉള്‍ഗ്രാമമായ ഇവിടെ ഗ്രാമത്തലവന്‍ വോട്ടര്‍ പട്ടിക അംഗീകരിക്കാതെ സ്വന്തം വോട്ടര്‍ പട്ടിക കൊണ്ടുവരികയായിരുന്നു. എന്നാല്‍ ഈ പട്ടിക പോളിങ് ഉദ്യോഗസ്ഥര്‍ അംഗീകരിച്ചതിന്‍റെ കാരണം വ്യക്തമല്ല. നേരത്തെ രതബാരിയിൽ ബിജെപി സ്ഥാനാർത്ഥിയുടെ വാഹനത്തിൽ ഇവിഎം മെഷീൻ കൊണ്ടുപോയതിനെച്ചൊല്ലി വിവാദമുയർന്നതിനെത്തുടർന്ന്, മണ്ഡലത്തിലെ പോളിംഗ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കിയിരുന്നു. അസമിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 77 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പിനിടെ പലയിടങ്ങളിലും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.