23സീറ്റും രാജ്യസഭാ എംപി സ്ഥാനവുമാണ് വിജയകാന്തിന്റെ പാര്‍ട്ടി ആവശ്യപ്പെട്ടത്. എന്നാല്‍ 15 സീറ്റ് മാത്രമേ തരാന്‍ സാധിക്കൂവെന്ന് അണ്ണാ ഡിഎംകെ-ബിജെപി സഖ്യം ഉറച്ചു പറഞ്ഞു. 

ചെന്നൈ: നടന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ എന്‍ഡിഎ സഖ്യം വിട്ടു. സീറ്റ് ചര്‍ച്ചയില്‍ ധാരണയാകാത്തതിനെ തുടര്‍ന്നാണ് വിജയകാന്തിന്റെ പാര്‍ട്ടി സഖ്യം ഉപേക്ഷിച്ചത്. അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിജയകാന്തിന്റെ പാര്‍ട്ടി സഖ്യം വിട്ടത് അണ്ണാ ഡിഎംകെക്ക് തിരിച്ചടിയായിട്ടുണ്ട്. 23സീറ്റും രാജ്യസഭാ എംപി സ്ഥാനവുമാണ് വിജയകാന്തിന്റെ പാര്‍ട്ടി ആവശ്യപ്പെട്ടത്. എന്നാല്‍ 15 സീറ്റ് മാത്രമേ തരാന്‍ സാധിക്കൂവെന്ന് അണ്ണാ ഡിഎംകെ-ബിജെപി സഖ്യം ഉറച്ചു പറഞ്ഞു. മൂന്ന് തവണ ചര്‍ച്ച നടത്തിയിട്ടും ഇരു വിഭാഗവും വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതോടെ ഡിഎംഡികെ സഖ്യം വിടുകയായിരുന്നു.

തങ്ങള്‍ ആവശ്യപ്പെട്ട സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് സഖ്യം വിട്ടതെന്ന് ഡിഎംഡികെ നേതാവും മുന്‍ എംഎല്‍എയുമായ പാര്‍ത്ഥസാരഥി വ്യക്തമാക്കി. സഖ്യം വിടാനുള്ള തീരുമാനം പടക്കം പൊട്ടിച്ചാണ് പാര്‍ട്ടി നേതാവ് വിജയകാന്ത് എതിരേറ്റത്. സംസ്ഥാനത്ത് അണ്ണാ ഡിഎംകെയെ തോല്‍പ്പിക്കുക മാത്രമാണ് ലക്ഷ്യമെന്ന് വിജയകാന്ത് വ്യക്തമാക്കി. നേരത്തെ കമല്‍ ഹാസനുമായി വിജയകാന്ത് ചര്‍ച്ച നടത്തിയിരുന്നു. 2011ല്‍ അണ്ണാ ഡിഎംകെയുമായി സഖ്യത്തില്‍ മത്സരിച്ച എംഡിഎംകെ 41 സീറ്റ് നേടി മുഖ്യപ്രതിപക്ഷമായിരുന്നു.