Asianet News MalayalamAsianet News Malayalam

കേവല ഭൂരിപക്ഷം കടന്ന് തൃണമൂലിന്റെ മുന്നേറ്റം; പ്രതീക്ഷിത നേട്ടമില്ലാതെ ബിജെപി

അതേസമയം, അഭിമാന പോരാട്ടമായ നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. സുവേന്ദു അധികാരിയും മമതയും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് നടക്കുന്നത്.
 

Bengal election result: TMC lead in more than 200 seat
Author
Kolkata, First Published May 2, 2021, 12:40 PM IST

കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷവും പിന്നിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് മികച്ച ലീഡിലേക്ക്. വോട്ടെണ്ണല്‍ പകുതി പിന്നിട്ടപ്പോള്‍ ഏകദേശം 200ഓളം സീറ്റില്‍ തൃണമൂല്‍ ലീഡ് നേടി കുതിക്കികയാണ്. ബിജെപിയുടെ ലീഡ് രണ്ടക്കത്തിലേക്ക് കടന്നു. 200 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് നേടിയപ്പോള്‍ 90 സീറ്റില്‍ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്. ഇടതുപാര്‍ട്ടികള്‍ ഒരു മണ്ഡലത്തിലും ലീഡ് ചെയ്യുന്നില്ല. ബംഗാളില്‍ ഭരണം പിടിച്ചെടുക്കാന്‍ അരയും തലയും മുറുക്കിയാണ് ബിജെപി രംഗത്തെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ കേന്ദ്ര നേതാക്കള്‍ ക്യാമ്പ് ചെയ്താണ് ബംഗാളില്‍ ബിജെപിക്കുവേണ്ടി പ്രചാരണം നടത്തിയത്. എന്നാല്‍ ഇതൊന്നും വലിയ മുന്നേറ്റം നടത്താന്‍ ബിജെപിയെ സഹായിച്ചില്ല. ബംഗാള്‍ ജനത മൂന്നാമതും മമതയില്‍ വിശ്വാസം അര്‍പ്പിക്കുകയായിരുന്നു. സുവേന്ദു അധികാരി എന്ന അതികായനടക്കം വമ്പന്‍ തൃണമൂല്‍ നേതാക്കളാണ് തെരഞ്ഞെടുപ്പ് അടുപ്പിച്ച് ബിജെപിയിലേക്ക് ചേക്കേറിയത്. മുന്നേറ്റമുണ്ടാകുമെന്നാണ് ബിജെപി സംസ്ഥാന നേതാക്കള്‍ പറയുന്നത്. നേരത്തെയുള്ള ട്രെന്‍ഡാകില്ല അന്തിമ ഫലമെന്ന് സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷ് പറഞ്ഞു. 148 സീറ്റാണ് ബംഗാളില്‍ അധികാരം നേടാന്‍ വേണ്ട ഭൂരിപക്ഷം. 

അതേസമയം, അഭിമാന പോരാട്ടമായ നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. സുവേന്ദു അധികാരിയും മമതയും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിക്കെതിരെ നന്ദിഗ്രാമില്‍ മമത രംഗത്തിറങ്ങുകയായിരുന്നു. നേരത്തെ രണ്ടിടത്ത് മത്സരിക്കുമെന്ന് മമത സൂചന നല്‍കിയെങ്കിലും ബിജെപിയുടെ വെല്ലുവിളിയെ തുടര്‍ന്ന് നന്ദിഗ്രാമില്‍ മാത്രം മത്സരിക്കുകയായിരുന്നു. 

ബംഗാളില്‍ എട്ട് ഘട്ടങ്ങളിലായാണ് 292 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന്  രണ്ടു മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. 148 സീറ്റു നേടുന്ന  പാര്‍ട്ടി ബംഗാളില്‍ അധികാരം പിടിക്കും. വോട്ടെടുപ്പിന് ഇടയില്‍ ഉണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്ന് വോട്ടെണ്ണല്‍ ദിനത്തിലും കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios