Asianet News MalayalamAsianet News Malayalam

ഇതാ നോക്കൂ...; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദോശ തയ്യാറാക്കി ബിജെപി സ്ഥാനാര്‍ത്ഥി ഖുഷ്ബു

നേരത്തെ തഞ്ചാവൂരില്‍ സ്വതന്ത്രനായി മത്സരിക്കുന്ന സന്തോഷ് എന്ന സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ തണ്ണിമത്തനുമായി എത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അദ്ദേഹത്തിന്റെ ചിഹ്നമായിരുന്നു തണ്ണിമത്തന്‍. സന്തോഷിനെ കൂടാതെ വേറെയും ചില സ്ഥാനാര്‍ത്ഥികള്‍ കൂടി വ്യത്യസ്തമായ രീതിയില്‍ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചിരുന്നു

bjp candidate khushbu sundar cooks dosa while campaigning
Author
Tamil Nadu, First Published Mar 27, 2021, 8:03 PM IST

തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തകൃതിയായ പ്രചാരണത്തിലാണ് സ്ഥാനാര്‍ത്ഥികളും വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും. ഇക്കുറി ജനശ്രദ്ധയാകര്‍ഷിക്കാന്‍ വ്യത്യസ്തമായ പ്രചാരണ പരിപാടികളുമായാണ് പല സ്ഥാനാര്‍ത്ഥികളും രംഗത്തിറങ്ങിയിരിക്കുന്നത്. 

കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയും മന്ത്രിയുമായ എസ് പി വേലുമണിയുടെ പ്രചാരണത്തിനിടെ ഒരു യോഗ ഇന്‍സ്ട്രക്ടര്‍ സ്വന്തം ശരീരത്തില്‍ കാര്‍ വലിച്ചുകെട്ടി നടക്കുന്ന കാഴ്ച നാം കണ്ടിരുന്നു. രാഷ്ട്രീയ പ്രചാരണത്തിനൊപ്പം തന്നെ ആരോഗ്യത്തെ കുറിച്ചുകൂടി അവബോധം സൃഷ്ടിക്കുന്നതിനാണ് ഇത്തരത്തില്‍ ചെയ്തതെന്നായിരുന്നു വേലുമണി പക്ഷത്തിന്റെ വിശദീകരണം. 

എന്നാല്‍ ഇത് ജനശ്രദ്ധയ്ക്ക് വേണ്ടിയുള്ള 'വിലകുറഞ്ഞ' ശ്രമമായിരുന്നുവെന്ന തരത്തില്‍ ഏറെ വിമര്‍ശനങ്ങളും ഉയര്‍ന്നു. സോഷ്യല്‍ മീഡിയയിലും സംഭവം വലിയ തോതില്‍ ശ്രദ്ധയാര്‍ജ്ജിച്ചിരുന്നു. ഏതായാലും ഇതിന് ശേഷം വീണ്ടും മറ്റൊരു സംഭവം കൂടി ഇന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. 

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചുവടുമാറി, മത്സരരംഗത്തേക്ക് കടന്ന നടി ഖുഷ്ബു പ്രചാരണത്തിനിടെ ഒരു റെസ്റ്റോറന്റില്‍ കയറി ദോശ തയ്യാറാക്കിയതാണ് സംഭവം. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും വലിയ രീതിയിലാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. 

നുങ്കംപാക്കത്തെ മാഡ സ്ട്രീറ്റില്‍ പ്രചാരണപരിപാടി നടത്തിക്കൊണ്ടിരിക്കെയാണ് ഖുഷ്ബുവും പാര്‍ട്ടി പ്രവര്‍ത്തകരും അടുത്തുള്ളൊരു റെസ്‌റ്റോറന്റില്‍ കയറിയത്. തൗസന്റ് ലൈറ്റ്‌സ് മണ്ഡലത്തിലാണ് ഖുഷ്ബു ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത്. ഖുഷ്ബുവിന്റെ വ്യത്യസ്തമായ പ്രചാരണവും ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. 

ദോശ തയ്യാറാക്കുകയെന്നത് അത്ര ഭാരിച്ച ജോലിയല്ലെന്നും അത്തരത്തിലുള്ള പ്രകടനങ്ങള്‍ ജനങ്ങളെ മണ്ടന്മാരാക്കുന്നതാണെന്നുമുള്ള തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളുയരുന്നത്. സ്ത്രീ സ്ഥാനാര്‍ത്ഥിയായതിനാലാണ് ഇങ്ങനെയുള്ള കാര്യങ്ങള്‍ പ്രചാരണത്തിനായി ചെയ്യേണ്ടിവരുന്നതെന്നുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. 

നേരത്തെ തഞ്ചാവൂരില്‍ സ്വതന്ത്രനായി മത്സരിക്കുന്ന സന്തോഷ് എന്ന സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ തണ്ണിമത്തനുമായി എത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അദ്ദേഹത്തിന്റെ ചിഹ്നമായിരുന്നു തണ്ണിമത്തന്‍. സന്തോഷിനെ കൂടാതെ വേറെയും ചില സ്ഥാനാര്‍ത്ഥികള്‍ കൂടി വ്യത്യസ്തമായ രീതിയില്‍ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രമിച്ചിരുന്നു. 

ആലങ്കുളം മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ഹരി നാടാര്‍ എന്ന സ്ഥാനാര്‍ത്ഥി നാലര കിലോയോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞാണ് പത്രിക സമര്‍പ്പിക്കാനെത്തിയത്. അരിയാളൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രിതിനിധി തങ്ക ഷണ്‍മുഖസുന്ദരം കെട്ടിവയ്ക്കാനുള്ള തുക കോയിനുകളായും പഴയ നോട്ടുകളായുമാണ് നല്‍കിയത്. ഇത്തരത്തില്‍ വൈവിധ്യമാര്‍ന്ന പ്രചാരണപരിപാടികള്‍ പൊടിപൊടിക്കുകയാണ് തമിഴ്‌നാട്ടില്‍. ഏപ്രില്‍ ആറിന് ഒറ്റഘട്ടമായാണ് ഇവിടെ തെരഞ്ഞെടുപ്പ്. മെയ് രണ്ടിന് വോട്ടെണ്ണലും നടക്കും.

Also Read:- 'അതിക്രമിച്ച് കയറി ഇഷ്ടിക മോഷ്ടിച്ചു'; ഉദയനിധി സ്റ്റാലിനെതിരെ പരാതിയുമായി ബിജെപി...

Follow Us:
Download App:
  • android
  • ios