Asianet News MalayalamAsianet News Malayalam

'ഒരു മാസത്തെ ലീവ് വേണം, ചെറിയൊരു പ്രചാരണമുണ്ട്'- വ്യത്യസ്തയാണ് ബംഗാളിലെ ഈ ബിജെപി സ്ഥാനാർത്ഥി

കൂലിവേലക്കാരനായിരുന്ന അച്ഛന്റെ നിര്യാണ ശേഷം, ഏഴു പെൺമക്കളും ഒരു ആൺകുട്ടിയുമടങ്ങുന്ന കുടുംബത്തെ കലിത പുലർത്തുന്നത് അഞ്ചു വീടുകളിൽ ഒരേ സമയം  വീട്ടുജോലി ചെയ്തുകിട്ടുന്ന വരുമാനം കൊണ്ടാണ്.  

BJP Fields domestic help for assembly elections in west bengal kalita majhi
Author
Ausgram, First Published Mar 20, 2021, 11:23 AM IST

പേര് കലിതാ മാഝി. പശ്ചിമ ബംഗാളിലെ ഔസ്ഗ്രാം മണ്ഡലത്തിൽ നിന്നുള്ള ഈ ബിജെപി സ്ഥാനാർത്ഥി ഒരല്പം സ്പെഷ്യലാണ്. കാരണം, അഞ്ചോളം വീടുകളിൽ ഒരുമാസത്തെ അവധിക്ക് അപേക്ഷ നൽകിയിട്ടാണ് അവർ പ്രചാരണത്തിനിറങ്ങിയിരിക്കുന്നത്. 27 മാർച്ച് മുതൽ 29 ഏപ്രിൽ വരെ എട്ടു ഘട്ടങ്ങളിലായി നടക്കാനിരിക്കുന്ന ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, ഔസ്ഗ്രാം എന്ന പട്ടികജാതി സംവരണ മണ്ഡലത്തിൽ നിന്ന് മത്സരിക്കാനുള്ള അവസരം ബിജെപി ഇത്തവണ നൽകിയിട്ടുള്ളത്  കലിതയ്ക്കാണ്. അഞ്ചോളം വീടുകളിൽ പകലന്തിയോളം ഓടി നടന്നു വീട്ടുജോലി ചെയ്ത് കുടുംബം പുലർത്തുന്ന കലിത ആ അതിജീവനത്തിനായുള്ള നെട്ടോട്ടത്തിൽ നിന്ന് ഒരു താത്കാലിക ഇടവേള എടുത്തുകൊണ്ടാണ് പ്രചാരണത്തിൽ സജീവമായിരിക്കുന്നത്. 

ആദ്യമൊക്കെ അഞ്ചു വീടുകളിലും ഓടിയെത്തി പണികൾ ഒതുക്കിയ ശേഷമായിരുന്നു സ്ഥാനാർത്ഥി കലിത തന്റെ പ്രചാരണത്തിന് ഇറങ്ങിയിരുന്നത്. എന്നാൽ, പ്രചാരണം മുറുകിയതോടെ ഇനി കൂടുതൽ ശ്രദ്ധ വേണം എന്ന പാർട്ടി നിർദേശം പാലിക്കാൻ വേണ്ടിയാണ് ഇപ്പോൾ അവർ 'ഒരു മാസത്തേക്ക് ഒന്ന് സഹകരിക്കണം' എന്ന അപേക്ഷയുമായി ജോലിചെയ്യുന്നിടങ്ങളിലെ വീട്ടമ്മമാരെ സമീപിച്ചിട്ടുള്ളത്. 

ബിജെപി ബംഗാളിലെ തങ്ങളുടെ മുഴുവൻ സ്ഥാനാർത്ഥികളുടെയും പട്ടിക പുറത്തുവിട്ട ദിവസം മുതൽ കലിതയുടെ ജീവിതം മാറി മറിഞ്ഞിരിക്കുകയാണ്. അപ്രതീക്ഷിതമായി എത്തിയ സ്ഥാനാർത്ഥിപ്പട്ടത്തിന്റെ താരപ്രഭ ഉള്ളിലേക്കെടുക്കാൻ ഇനിയും കലിതയ്ക്ക് സാധിച്ചിട്ടുമില്ല. ഈ തെരഞ്ഞെടുപ്പിൽ കലിത ജയിച്ചാൽ, ബംഗാൾ രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായി ഒരു വീട്ടുജോലിക്കാരി നിയമസഭാ സാമാജികയായി അസംബ്ലിയിലെത്തും.

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നന്നേ ചെറുപ്പത്തിൽ തന്നെ വിദ്യാഭ്യാസം ഉപേക്ഷിച്ച് ഉപജീവനത്തിനായി വീട്ടുവേലക്കാരിയുടെ റോൾ ഏറ്റെടുക്കേണ്ടി വന്ന കലിതയ്ക്ക് ഇതൊരു ചെറിയ പോരാട്ടമല്ല. കലിതയുടെ ജോലിയിലുള്ള അർപ്പണമനോഭാവത്തിനും അവരുടെ ജീവിത സംഘർഷങ്ങൾക്കും ഉള്ള അംഗീകാരവും, പ്രോത്സാഹനവുമായിട്ടാണ് പാർട്ടി അവർക്ക് ഈ ടിക്കറ്റ് നൽകിയിട്ടുള്ളത് എന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് ട്വീറ്റ് ചെയ്തു. 

 

കലിതയുടെ ഭർത്താവ് ഒരു പ്ലംബറാണ്. മൂന്നാം ക്‌ളാസിൽ പഠിക്കുന്ന പാർഥ് എന്നൊരു മകനും അവർക്കുണ്ട്. കൂലിവേലക്കാരനായിരുന്ന അച്ഛന്റെ നിര്യാണ ശേഷം, ഏഴു പെൺമക്കളും ഒരു ആൺകുട്ടിയുമടങ്ങുന്ന കുടുംബത്തെ കലിത മാഝി പുലർത്തുന്നത് അഞ്ചു വീടുകളിൽ ഒരേ സമയം  വീട്ടുജോലി ചെയ്തുകിട്ടുന്ന വരുമാനം കൊണ്ടാണ്.  

 

Follow Us:
Download App:
  • android
  • ios