'35 സീറ്റുകൾ കിട്ടിയാൽ കേരളത്തിൽ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന സുരേന്ദ്രന്റെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. അന്വേഷിച്ച് ഇക്കാര്യത്തിൽ മറുപടി പറയാം. പക്ഷെ, ബിജെപി കേരളത്തിൽ ശക്തമായ സ്വാധീനമായി മാറുകയാണ്. വിശ്വാസ്യതയുള്ള ബദലായിരിക്കും ബിജെപി' 

ദില്ലി: 35 സീറ്റുകൾ കിട്ടിയാൽ കേരളത്തിൽ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പ്രസ്താവനയെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി. കേരളത്തിൽ മൂന്ന് മണ്ഡലങ്ങളിൽ സ്ഥാനാര്‍ത്ഥികൾ ഇല്ലാതായത് പാര്‍ട്ടി അന്വേഷിക്കും. എൽഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും പ്രകടനത്തിൽ ജനങ്ങൾ നിരാശരാണ്. അധികാരത്തിൽ എത്തില്ലെങ്കിൽ കേരളത്തിൽ എൽഡിഎഫിനും യുഡിഎഫിനും ബദലായി ബിജെപി മാറുമെന്നും പ്രഹ്ളാദ് ജോഷി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബിജെപി കേരളത്തിൽ ശക്തമായ സ്വാധീനമായി മാറുകയാണ്. വിശ്വാസ്യതയുള്ള ബദലായിരിക്കും ബിജെപി. 35 സീറ്റുകൾ കിട്ടിയാൽ കേരളത്തിൽ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന സുരേന്ദ്രന്റെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. ഇക്കാര്യത്തിൽ അന്വേഷിച്ച് മറുപടി പറയാം. കോണ്‍ഗ്രസ് മുക്ത കേരളം എന്നത് കോണ്‍ഗ്രസ് സംസ്കാര മുക്ത കേരളം എന്നതാണ്. കോണ്‍ഗ്രസ് സംസ്കാരത്തിൽ നിന്നുള്ള മോചനമാണ് ലക്ഷ്യം. അഴിമതിയും, സ്വജനപക്ഷപാതവും ജാതീയതയുമാണ് കോണ്‍ഗ്രസ് സംസ്കാരം. മതേതരത്വത്തിന്‍റെ പേരിൽ ജാതീയതയാണ് ലക്ഷ്യമിടുന്നത്. ഈ കോണ്‍ഗ്രസ് സംസ്കാരമാണ് ഇപ്പോൾ എൽഡിഎഫിനും ഉള്ളത്. അതാണ് കോണ്‍ഗ്രസ് മുക്ത കേരളം എന്നതിലൂടെ ഉദ്ദേശിക്കുന്നത്. കോണ്‍ഗ്രസ് സംസ്കാര മുക്തം എന്നതാണ് അതിലൂടെ ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് മൂന്നിടത്ത് എൻഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികളില്ല. അവര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രാദേശിക തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പത്രിക തള്ളുകയാണ് ഉണ്ടായത്. സാധാരണ അങ്ങനെ ചെയ്യാൻ പാടില്ലാത്തതാണ്. അതിന്‍റെ അര്‍ത്ഥം ഗൗരവം ഇല്ല എന്നല്ല. പാര്‍ട്ടിക്കുള്ളിൽ ഇക്കാര്യത്തിൽ പരിശോധനകൾ ഉണ്ടാകും. മൂന്ന് സീറ്റിൽ സ്ഥാനാര്‍ത്ഥിയില്ല എന്നതുകൊണ്ട് ഗൗരവമില്ല എന്ന് ധരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ശബരിമല പ്രധാന വിഷയമാണ്. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി മത്സരരംഗത്തുണ്ടായിരുന്നു. രാഹുൽ ഗാന്ധി എന്തെങ്കിലും ചെയ്യുമെന്ന് ജനങ്ങൾ കരുതി. പിണറായി സര്‍ക്കാരിനെതിരെയായിരുന്നു ജനവികാരം. ബിജെപിയെ ഒരു ബദലായി അന്ന് ജനങ്ങൾ കണക്കാക്കിയില്ല. എൽഡിഎഫിനെ പരാജയപ്പെടുത്താൻ കോണ്‍ഗ്രസിന് വോട്ടുചെയ്യുകയാണ് ഉണ്ടായത്. അത് കോണ്‍ഗ്രസിന് നേട്ടമായി. പക്ഷെ. ഒരിക്കൽ പോലും ശബരിമല വിഷയം രാഹുൽ ഗാന്ധി എവിടെയും ഉയര്‍ത്തിയില്ല. പാര്‍ലമെന്‍റിൽ ഒരു പ്രാധാന്യവും ഇല്ലാത്ത വിഷയങ്ങൾ രാഹുൽ ഉന്നയിച്ചു. പക്ഷെ. ശബരിമലയെ കുറിച്ച് മാത്രം പറഞ്ഞില്ലെന്നും പ്രഹ്ളാദ് ജോഷി കൂട്ടിച്ചേ‍‍ര്‍ത്തു.