അതേ സമയം വലിയ തെരഞ്ഞെടുപ്പ് റാലികള്‍ കൊവിഡ് വ്യാപനത്തിന് കാരണമാകില്ലെ എന്ന ചോദ്യത്തിന്, രോഗം പടരുന്നത് തടയാന്‍ വേണ്ടതെല്ലാം കേന്ദ്രം ചെയ്യുന്നുണ്ടെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. 

കൊല്‍ക്കത്ത: കഴിഞ്ഞ ദിവസമാണ് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബംഗാള്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട റാലികള്‍ റദ്ദാക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അറിയിച്ചത്. ഇതിന് പിന്നാലെ രാഹുലിന്‍റെ തീരുമാനത്തെ കളിയാക്കി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി.

മുങ്ങുന്ന കപ്പലില്‍ നിന്നും നേരത്തെ ചാടി രക്ഷപ്പെടുന്ന ക്യാപ്റ്റന്‍റെ രീതിയാണ് ബംഗാളിലെ പ്രചാരണങ്ങള്‍ റദ്ദാക്കുന്നതിലൂടെ രാഹുല്‍ ചെയ്തതെന്ന് കേന്ദ്രമന്ത്രി കൊല്‍ക്കത്തയില്‍ കളിയാക്കി. അതേ സമയം വലിയ തെരഞ്ഞെടുപ്പ് റാലികള്‍ കൊവിഡ് വ്യാപനത്തിന് കാരണമാകില്ലെ എന്ന ചോദ്യത്തിന്, രോഗം പടരുന്നത് തടയാന്‍ വേണ്ടതെല്ലാം കേന്ദ്രം ചെയ്യുന്നുണ്ടെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. 

കൊവിഡിനെക്കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പലതും പറയുന്നുണ്ട്. അവരുടെ മുഖ്യമന്ത്രി മമത പ്രധാനമന്ത്രി കൊവിഡ് സംബന്ധിച്ച് എല്ലാ മുഖ്യമന്ത്രിമാരുടെയും യോഗം വിളിച്ചപ്പോള്‍ അതില്‍ പങ്കെടുത്തോ രവിശങ്കര്‍ പ്രസാദ് ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘടിപ്പിക്കുന്ന ഭരണഘടനപരമായ പ്രവര്‍ത്തനമാണ് തെരഞ്ഞെടുപ്പ്. ഇലക്ഷന്‍ കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ ഞങ്ങള്‍ പാലിക്കും.

ബിഹാര്‍ തെരഞ്ഞെടുപ്പ് കാലത്തും കൊവിഡിനെ നേരിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. കൊവിഡ് നേരിടാനുള്ള സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഒരു സംസ്ഥാനത്തോടും കേന്ദ്രം പക്ഷപാദിത്വം കാണിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.