കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യം പ്രാദേശിക അടിസ്ഥാനത്തിൽ മാത്രമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം മൊഹമ്മദ് സലിം. സഖ്യം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കണോ എന്ന് പിന്നീട് ആലോചിക്കുമെന്നും നിലവിലുള്ളത് സംസ്ഥാനടിസ്ഥാനത്തിലുള്ള സഖ്യം മാത്രമാണെന്നും മൊഹമ്മദ് സലീം പറഞ്ഞു. ബംഗാളിൽ തൂക്കുനിയമസഭ വന്നാലുള്ള നിലപാടിനെക്കുറിച്ചുള്ള ചർച്ചകൾ അപ്രസക്തമാണ്. ഇടതുസഖ്യത്തിലുള്ള ഐഎസ്എഫ് വർഗ്ഗീയ പാർട്ടിയെന്നത് എതിരാളികളുടെ പ്രചാരണമെന്നും മൊഹമ്മദ് സലിം കൊല്‍ക്കത്തയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇടതുപക്ഷം വിശാല സഖ്യം രൂപീകരിച്ചതിന് ശേഷം തൃണമൂൽ കോൺഗ്രസിൻ്റെയും ബിജെപിയുടെയും പരാജയത്തിനായി ശ്രമിക്കുകയാണ്. ഇവിടുത്തെ ജനങ്ങൾ സംസ്ഥാന സർക്കാരിൻ്റെയും കേന്ദ്ര സർക്കാരിൻ്റെയും സാമ്പത്തിക നയങ്ങൾ മടുത്തിരിക്കുന്നു. ഇടതുപക്ഷത്തിൻ്റേത് മതേതര മുന്നണിയാണ്. തൃണമൂലിനും ബിജെപിയും തമ്മിൽ വ്യത്യാസമില്ല. ആർഎസ്എസ് പ്രവർത്തകർ തന്നെയാണ് തൃണമൂലിലേക്ക് പോയത്. തൃണമൂൽ പ്രവർത്തകർ ബിജെപിയിലേക്ക് പോകുന്നു. അതായത് ബിജെപിയും ടിഎംസിയും രണ്ടാണ്. എന്തിനാണ് തൃണമൂലിനോട് വിരോധമുള്ളവർ തൃണമൂൽ രണ്ടിനെ പിന്തുണയ്ക്കുന്നതെന്നും മൊഹമ്മദ് സലിം ചോദിച്ചു.

ബംഗാൾ ഇന്ത്യയിലെ ഏറ്റവും പ്രധാന സംസ്ഥാനമാണ്. ഇവിടുത്തെ ഇപ്പോഴത്തെ സഖ്യം സംസ്ഥാന അടിസ്ഥാനത്തിലാണ്. ഇതും ദേശീയതല സഖ്യവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. ദേശീയ തെരഞ്ഞെടുപ്പ് വരുമ്പോൾ സഖ്യത്തെ കുറിച്ച് തീരുമാനിക്കുമെന്നും മൊഹമ്മദ് സലീം പറഞ്ഞു. ഐഎസ്എഫ് വർഗ്ഗീയ പാർട്ടിയാണെന്ന വാദം നിരാശ കൊണ്ട് ഉന്നയിക്കുന്ന ആരോപണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗാളിലെ മത്സരം തൃണമൂൽ കോൺഗ്രസിനും ബിജെപിക്കും ഇടയിലെന്ന് വരുത്തി തീർക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. എന്നാൽ ഇതിനെതിരെ പാർട്ടി നാല് വർഷമായി കഠിനപ്രയത്നം നടത്തുകയാണ്. അങ്ങനെയാണ് ഈ സംയുക്ത മുന്നണി വന്നത്. വിവിധ സാമൂഹ്യ ഗ്രൂപ്പുകൾ ഉള്ള മുന്നണിയാണിത്. പട്ടികവിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ആദിവാസികളും ഒക്കെ ഇതിൽ ഉണ്ട്. ഇതിനെതിരെ വരേണ്യവർഗ്ഗം പ്രതികരിക്കുന്നു. ഹിന്ദു മുസ്ലിം എന്ന് ഈ തെരഞ്ഞെടുപ്പിനെ മാറ്റാൻ ശ്രമിച്ചവർക്ക് കനത്ത തിരിച്ചടി ഏറ്റിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളില്‍ ബിജെപിയോ തൃണമൂലോ വിജയിക്കും എന്നാണ് ഇതുവരെ എല്ലാവരും പറഞ്ഞിരുന്നത്. ഇപ്പോൾ തൂക്കുനിയമസഭ വരുന്നു എന്ന് പറയുന്നു. പക്ഷേ തൂക്കുനിയമസഭയ്ക്ക് ഒരു സാധ്യതയും ബംഗാളില്‍ നിലവിലില്ല. ബിജെപിയേയോ തൃണമൂലിനെയോ തെരഞ്ഞെടുക്കേണ്ട കാര്യമില്ലെന്നും മൊഹമ്മദ് സലീം പറഞ്ഞു.