Asianet News MalayalamAsianet News Malayalam

'ജയ്റ്റ്‍ലിയുടേയും സുഷമയുടേയും മരണം മോദി ഏല്‍പ്പിച്ച സമ്മര്‍ദ്ദം മൂലം'; വിവാദമായി ഉദയനിധിയുടെ പ്രസ്താവന

വിവാദമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഏല്‍പ്പിച്ച സമ്മര്‍ദ്ദവും പീഡനവും മുന്‍ കേന്ദ്രമന്ത്രിമാരുടെ മരണത്തിന് കാരണമായെന്നാണ് ഡിഎംകെ യുവനേതാവ് വ്യാഴാഴ്ച ആരോപിച്ചത്. വെങ്കയ്യ നായിഡു അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കളെ നരേന്ദ്ര മോദി അരികുവല്‍ക്കരിച്ചുവെന്നും ഉദയനിധി സ്റ്റാലിന്‍ ആരോപിച്ചിരുന്നു. 

DMK leader Udhayanidhi Stalins remarks on Sushma Swaraj and Arun Jaitley triggers controversy
Author
Chennai, First Published Apr 2, 2021, 11:17 AM IST

പ്രധാനമന്ത്രിയുടെ പീഡനം സഹിക്കാനാവാതെയാണ് മുന്‍ കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജും അരുണ്‍ ജയ്റ്റ്‍ലിയും മരിച്ചതെന്ന ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്‍റെ വാദം വിവാദമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഏല്‍പ്പിച്ച സമ്മര്‍ദ്ദവും പീഡനവും മുന്‍ കേന്ദ്രമന്ത്രിമാരുടെ മരണത്തിന് കാരണമായെന്നാണ് ഡിഎംകെ യുവനേതാവ് വ്യാഴാഴ്ച ആരോപിച്ചത്. വെങ്കയ്യ നായിഡു അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കളെ നരേന്ദ്ര മോദി അരികുവല്‍ക്കരിച്ചുവെന്നും ഉദയനിധി സ്റ്റാലിന്‍ ആരോപിച്ചിരുന്നു. മോദി നിങ്ങള്‍ എല്ലാവരേയും അടിച്ചമര്‍ത്തി. നിങ്ങളെ വണങ്ങാനോ ഭയപ്പെടാനോ ഞാന്‍ ഇ പളനിസ്വാമിയല്ല. ഞാന്‍ ഉദയനിധി സ്റ്റാലിന്‍ കലൈഞ്ജറുടെ പേരമകനാണ് എന്നായിരുന്നു ഡിഎംകെ യുവനേതാവിന്‍റെ പരാമര്‍ശം. സുഷമ സ്വരാജ് എന്നൊരാളുണ്ടായിരുന്നു. അവര്‍ മരിച്ചത് മോദി ഏല്‍പ്പിച്ച സമ്മര്‍ദ്ദം  താങ്ങാനാവാതെയാണ്. അരുണ്‍ ജെയ്റ്റ്‍ലി എന്നൊരു വ്യക്തിയുണ്ടായിരുന്നു. മോദിയുടെ പീഡനം സഹിക്കാതെയാണ് അദ്ദേഹം മരിച്ചത്. എന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.

എന്നാല്‍ രൂക്ഷമായ മറുപടിയാണ് സുഷമ സ്വരാജിന്‍റേയും അരുണ്‍ ജയ്റ്റ്‍‍ലിയുടേയും കുടുംബം ഡിഎംകെ യുവനേതാവിനെതിരെ നടത്തിയിട്ടുള്ളത്. തന്‍റെ അമ്മയുടെ പേര് ഉദയനിധി സ്റ്റാലിന്‍ ഇലക്ഷന്‍ പ്രചാരണത്തിന് ഉപയോഗിക്കരുകെന്നാണ് സുഷമ സ്വരാജിന്‍റെ മകള്‍ ബാന്‍സുരി സ്വരാജ് പ്രതികരിക്കുന്നത്. നിങ്ങളുടെ പ്രസ്താവന തെറ്റാണ്. നരേന്ദ്ര മോദി അമ്മയെ ഏറെ ബഹുമാനിച്ചിരുന്ന ആളാണ്. തങ്ങള്‍ ഏറെ കഷ്ടപ്പെട്ട സമയത്ത് പാറ പോലെ തങ്ങള്‍ക്കൊപ്പം ഉറച്ചുനിന്നയാളാണ് പ്രധാനമന്ത്രി. നിങ്ങളുടെ പ്രസ്താവന ഞങ്ങളെ മുറിവേല്‍പ്പിക്കുന്നതാണ് എന്നാണ് ബാന്‍സുരി സ്വരാജ് ട്വീറ്റ് ചെയ്തത്.

കുറച്ചുകൂടി രൂക്ഷമായാണ് അരുണ്‍ ജെയ്റ്റ്‍ലിയുടെ മകള്‍ സൊണാലി ജയ്റ്റ്‍ലി ബാഷിയുടെ പ്രതികരണം. എനിക്ക് മനസിലാകും നിങ്ങള്‍ തെരഞ്ഞെടുപ്പ് സമ്മര്‍ദ്ദത്തിലാണ്. എന്നാല്‍ എന്‍റെ പിതാവിനെ അപമാനിക്കാനോ പിതാവിനേക്കുറിച്ച് നുണ പറഞ്ഞാലോ ഞാന്‍ മിണ്ടാതിരിക്കില്ല. അരുണ്‍ ജെയ്റ്റ്‍ലിയും നരേന്ദ്ര മോദിയും തമ്മില്‍ പ്രത്യേക ബന്ധമായിരുന്നു ഉണ്ടായിരുന്നത്. രാഷ്ട്രീയത്തിനും അതീതമായ ഒന്നായിരുന്നു അത്. നിങ്ങള്‍ക്ക് അത്തരമൊരു ബന്ധമുണ്ടാവാനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നാണ് സൊണാലിയുടെ ട്വീറ്റ്.

എ ബി വാജ്പേയി സര്‍ക്കാരിലും മോദി സര്‍ക്കാരിലും നിര്‍ണായക പദവികള്‍ കൈകാര്യം ചെയ്ത ബിജെപി നേതാക്കളായിരുന്നു അരുണ്‍ ജയ്റ്റ്‍ലിയും സുഷമ സ്വരാജും. പാര്‍ലമെന്‍റില്‍ ബിജെപിയുടെ മുഖമായിരുന്നു ഇരുവരും. 2019 ഓഗസ്റ്റിലാണ് ഇരുനേതാക്കളും അന്തരിച്ചത്. 

 

Follow Us:
Download App:
  • android
  • ios