ഡിഎംകെ ഒറ്റയ്ക്ക് കേവലഭൂരിപക്ഷത്തിലേക്ക് എത്തിയതോടെ ഡിഎംകെ പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്തിന് പുറത്ത് മധുരം വിതരണം ചെയ്ത് ആഹ്ലാദപ്രകടനം നടത്തി.  കേവല ഭൂരിപക്ഷവും പിന്നിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുന്ന കാഴ്ചയാണ് പശ്ചിമ ബംഗാളിലുള്ളത്.

ചെന്നൈ: കേരളത്തിനൊപ്പം തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലും അസമിലും പശ്ചിമ ബംഗാളിലും പുതുച്ചേരിയിലും രാഷ്ട്രീയ ചിത്രം വ്യക്തമായി. ഭരണമാറ്റം ഉറപ്പിച്ച് തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍റെ നേതൃത്വത്തിൽ ഡിഎംകെ മുന്നണിയുടെ തേരോട്ടമാണ് കണ്ടത്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലേറുകയാണ് പശ്ചിമ ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ്. അതിനിടയിൽ നന്ദിഗ്രാമിൽ മമതയുടെ പരാജയം കല്ലുകടിയായി. അസമിൽ ഭരണത്തുടർച്ച നേടിയതും പുതുച്ചേരിയിൽ ഭരണത്തിലേറാമെന്നതും ബിജെപി മുന്നണിക്ക് ആശ്വാസമായി.

തമിഴ്നാട്ടിൽ 153 സീറ്റുകളില്‍ ഡിഎംകെ സഖ്യം മുന്നേറിയപ്പോൾ 80 സീറ്റുകളിലാണ് അണ്ണാ ഡിഎംകെ ഒതുങ്ങിയത്. കോയമ്പത്തൂര്‍ സൗത്തില്‍ കമല്‍ ഹാസനും മുന്നിലാണ്. ഡിഎംകെ ഒറ്റയ്ക്ക് കേവലഭൂരിപക്ഷത്തിലേക്ക് എത്തിയതോടെ ഡിഎംകെ പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്തിന് പുറത്ത് മധുരം വിതരണം ചെയ്ത് ആഹ്ലാദപ്രകടനം നടത്തി. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ വലിയ ആള്‍ക്കൂട്ടമുണ്ടായതോടെ കൂട്ടംകൂടുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. വിജയാഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കണമെന്ന് എം കെ സ്റ്റാലിന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 234 സീറ്റുകളുള്ള തമിഴ്നാട്ടിൽ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അണ്ണാഡിഎംകെയെ ഭരണത്തിൽ നിന്നും തൂത്തെറിഞ്ഞ് ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം ഉറപ്പിക്കുമെന്ന ഡിഎംകെയുടെ ആത്മവിശ്വാസം ശരിവെക്കുന്നതാണ് പുറത്തുവരുന്ന ഫലങ്ങള്‍.


209 സീറ്റുകളിലാണ് ബംഗാളിൽ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറുന്നത്. പ്രതീക്ഷിച്ച വിജയം ബംഗാളില്‍ നേടാനാകാതിരുന്ന ബിജെപിയ്ക്ക് മുന്നിലുള്ളത് 81 സീറ്റുകളിലാണ്. ബംഗാളില്‍ ഭരണം പിടിച്ചെടുക്കാന്‍ അരയും തലയും മുറുക്കിയാണ് ബിജെപി രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ കേന്ദ്ര നേതാക്കള്‍ ക്യാമ്പ് ചെയ്താണ് ബംഗാളില്‍ ബിജെപിക്കുവേണ്ടി പ്രചാരണം നടത്തിയത്. എന്നാല്‍ ഇതൊന്നും വലിയ മുന്നേറ്റം നടത്താന്‍ ബിജെപിയെ സഹായിച്ചില്ല. ബംഗാള്‍ ജനത മൂന്നാമതും മമതയില്‍ വിശ്വാസം അര്‍പ്പിക്കുകയായിരുന്നു.

126 മണ്ഡലങ്ങളിലായിട്ടാണ് അസമിൽ തെര‍ഞ്ഞെടുപ്പ് നടന്നത്. 73 സീറ്റുകളിലാണ് ബിജെപിയ്ക്ക് ഇവിടെ മുന്നേറാനായത്. കോണ്‍ഗ്രസ് 50 സീറ്റുകളില്‍ ലീഡ് നേടിയപ്പോള്‍ മറ്റ് മുന്നണികള്‍ മൂന്ന് സീറ്റുകളില്‍ ലീഡ് നേടി. ജനങ്ങൾ ഞങ്ങളെ അനു​ഗ്രഹിച്ചു, അസമിൽ ബിജെപി സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. വീണ്ടും അധികാരത്തിലേക്ക് തിരികെ എത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നതായി അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.