ബിജെപിക്ക് എതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കണമെന്നും രാഹുല്‍ അതിന്‍റെ നേതൃത്വം ഏറ്റെടുക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. 

ചെന്നൈ: നേതൃസ്ഥാനത്ത് കൂടുതൽ സജീവമാകണമെന്ന് രാഹുൽ ഗാന്ധിയോട് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. സേലത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു രാഹുൽ ഗാന്ധിയെ വേദിയിലിരുത്തി സ്റ്റാലിന്‍റെ പരാമർശം.

ബിജെപിക്ക് എതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കണമെന്നും രാഹുൽ ഗാന്ധി സഖ്യത്തിന്‍റെ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. ബിജെപി വിരുദ്ധപാർട്ടികളെ ഒരുമിച്ച് നിർത്താൻ രാഹുൽ മുൻകൈ എടുക്കണമെന്നും സ്റ്റാലിൻ ചൂണ്ടികാട്ടി. ഇടത് നേതാക്കളും രാഹുൽഗാന്ധിക്കൊപ്പം വേദിപങ്കിട്ടു.

ഡിഎംകെ കോൺഗ്രസ് സഖ്യത്തിന്‍റെ പ്രചാരണത്തിനായാണ് രാഹുൽഗാന്ധി തമിഴ്‍നാട്ടിലെത്തിയത്. വരുന്ന ആഴ്ച പ്രിയങ്കാ ഗാന്ധിയും കന്യാകുമാരിയിൽ തെരഞ്ഞെടുപ്പ് പര്യടനത്തിനെത്തുന്നുണ്ട്. അതേസമയം പ്രതിപക്ഷ നേതാക്കളുടെ വസതികളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്‍റെ പരിശോധന തുടരുകയാണ്. റെയ്ഡിനെതിരെ ഡിഎംകെയ്ക്ക് പുറമേ കമൽഹാസന്‍റെ മക്കള്‍ നീതി മയ്യവും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.