കോയമ്പത്തൂർ സൗത്തിൽ മത്സരിച്ച കമൽ ബിജെപിയുടെ വാനതി ശ്രീനിവാസനോടാണ് 1500  വോട്ടുകൾക്ക് പരാജയപ്പെട്ടത്. മക്കൾ നീതി മയ്യത്തിന്റെ മുഴുവൻ സ്ഥാനാർത്ഥികളും പരാജയപ്പെട്ടു. 

ചെന്നൈ: തമിഴ്നാട് നിയമസഭാ തെര‍ഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ പരാജയപ്പെട്ടു. കോയമ്പത്തൂർ സൗത്തിൽ മത്സരിച്ച കമൽ ബിജെപിയുടെ വാനതി ശ്രീനിവാസനോടാണ് 1500 വോട്ടുകൾക്ക് പരാജയപ്പെട്ടത്. മക്കൾ നീതി മയ്യത്തിന്റെ മുഴുവൻ സ്ഥാനാർത്ഥികളും പരാജയപ്പെട്ടു. 

തമിഴ്നാട്ടില്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പിച്ച് ഡിഎംകെ മികച്ച വിജയം നേടി . 234ല്‍ 158 സീറ്റുകളില്‍ ഡിഎംകെ സഖ്യം വിജയിച്ചു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമിഴകത്ത് ഡിഎംകെ. അധികാരത്തില്‍ തിരിച്ചെത്തുന്നത്. 1996ന് ശേഷം കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടി. അണ്ണാഡിഎംകെയുടെ ശക്തികേന്ദ്രമായ കൊങ്കുനാട്ടിലും വടക്കന്‍ തമിഴ്നാട്ടിലും ഡിഎംകെ നേടിയത് വന്‍ മുന്നേറ്റമാണ്. പ്രതിപക്ഷ ഐക്യത്തിന് ശക്തിപകരുന്ന വിജയമെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി. ആദ്യഫലസൂചനകള്‍ പുറത്തുവന്നത് മുതല്‍ ഡിഎംകെ നിലനിര്‍ത്തിയത് വ്യക്തമായ മുന്‍തൂക്കമാണ്.

അണ്ണാഡിഎംകെ ബിജെപി സഖ്യം 75 സീറ്റുകളില്‍ ഒതുങ്ങി. ഖുശ്ബു അടക്കം ബിജെപിയുടെ താരസ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു. പളനിസ്വാമി, ഒ പനീര്‍സെല്‍വം അടക്കമുള്ള അണ്ണാഡിഎംകെ നേതാക്കളുടെ വോട്ടിങ് ശതമാനത്തില്‍ വന്‍ ഇടിവുണ്ടായി. കോവില്‍പ്പാട്ടിയില്‍ മത്സരിച്ച ദിനകരന്‍ പരാജയപ്പെട്ടു. എന്നാല്‍ ദിനകരന്‍റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം വോട്ടുപിളര്‍പ്പിന് വഴിവച്ചത് അണ്ണാഡിഎംകെയ്ക്ക് തിരിച്ചടിയായി. ഖുശ്ബു അടക്കമുള്ള താരങ്ങള്‍ പരാജയപ്പെട്ടെങ്കിലും അഞ്ച് സീറ്റുമായി അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞത് ബിജെപി ആശ്വാസമായി.