ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സ്റ്റാലിനൊപ്പം 33 അംഗ മന്ത്രിസഭയും ചുമതലയേൽക്കും. രാജ്ഭവനില്‍ ലളിതമായ ചടങ്ങിലാണ് സത്യപ്രതിജ്ഞ. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങ്.

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാന്‍ അണ്ണാഡിഎംകെയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗവും ഇന്ന് ചേരും. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അണ്ണാഡിഎംകെയെ ഭരണത്തിൽ നിന്നും തൂത്തെറിഞ്ഞാണ് ദ്രാവിഡ രാഷ്ട്രീയത്തില്‍ ഡിഎംകെ അധികാരം പിടിച്ചത്.  234 സീറ്റുകളുള്ള തമിഴ്നാട്ടിൽ 158 സീറ്റുകളില്‍ ഡിഎംകെ സഖ്യം മുന്നേറിയപ്പോൾ അണ്ണാ ഡിഎംകെ 76 സീറ്റിലൊതുങ്ങി. 

അതേസമയം, പുതുച്ചേരിയിൽ എന്‍ഡിഎ മന്ത്രിസഭയും ഇന്ന് അധികാരമേൽക്കും. എൻ ആർ കോൺഗ്രസ് നേതാവ് എൻ രംഗസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബിജെപി മന്ത്രിമാരടക്കം ഉള്ളവരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona