ബിജെപി പുതുച്ചേരിയില്‍ നിന്നും പലര്‍ക്കും എസ്എംഎസ് സന്ദേശങ്ങള്‍ ലഭിക്കുന്നുവെന്നും. ഇതില്‍ പലതും ബിജെപിയുടെ ബൂത്ത് ലെവല്‍ കമ്മിറ്റി വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യുന്നുവെന്നുമാണ് പരാതി. 

ചെന്നൈ: പുതുച്ചേരിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണത്തില്‍ ആവശ്യമായ ശ്രദ്ധ നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി. പുതുച്ചേരി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എ ആനന്ദ് നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടല്‍.

ബിജെപി പുതുച്ചേരിയില്‍ നിന്നും പലര്‍ക്കും എസ്എംഎസ് സന്ദേശങ്ങള്‍ ലഭിക്കുന്നുവെന്നും. ഇതില്‍ പലതും ബിജെപിയുടെ ബൂത്ത് ലെവല്‍ കമ്മിറ്റി വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യുന്നുവെന്നുമാണ് പരാതി. ഇത്തരത്തില്‍ തന്നെ ചേര്‍ത്ത ഗ്രൂപ്പിലെ അഡ്മിനോട് കാര്യം ആരഞ്ഞപ്പോള്‍. പുതുച്ചേരിയിലെ എല്ലാ ബൂത്തിലും ഇത്തരം ഗ്രൂപ്പുണ്ടെന്ന് അറിയിച്ചു. ഇത്രയും നമ്പറിലേക്ക് എസ്എംഎസ് അയക്കാന്‍ എവിടുന്നാണ് നമ്പര്‍ ലഭിക്കുന്നത് എന്ന ചോദ്യത്തിന് പുതുച്ചേരി ബിജെപി ഓഫീസില്‍ നിന്നാണ് നമ്പര്‍ ലഭിച്ചത് എന്നാണ് മറുപടി കിട്ടിയതെന്ന് പരാതിക്കാരന്‍ പറയുന്നു.

വോട്ടര്‍പട്ടിക എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ലഭിക്കുമെങ്കിലും, അതില്‍ ഫോട്ടോയും വിലാസവും മാത്രമാണ് ഉണ്ടാകുക. ഫോണ്‍ നമ്പര്‍ കാണില്ല. അതിനാല്‍ തന്നെ കൃത്യമായി വോട്ടര്‍മാരുടെ നമ്പര്‍ കിട്ടണമെങ്കില്‍ അത് ആധാര്‍ വിവരങ്ങളില്‍ നിന്നായിരിക്കാം എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. പലര്‍ക്കും ആധാറുമായി ബന്ധിപ്പിച്ച നമ്പറുകളിലാണ് സന്ദേശങ്ങള്‍ വന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത്തരത്തില്‍ ചെയ്യുന്നത് സ്വകാര്യതയുടെയും മറ്റും ലംഘനമാണെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

ഹര്‍ജി സ്വീകരിച്ച മദ്രാസ് ഹൈക്കോടതി സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഈ ആരോപണത്തിന്‍റെ ഗൌരവം മനസിലാക്കി പെട്ടെന്ന് തന്നെ ഇതില്‍ ഇടപെടണമെന്നാണ് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചത്. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ ഇതില്‍ സ്വീകരിച്ച നടപടിയില്‍ വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടു.