Asianet News MalayalamAsianet News Malayalam

'കളവ് പറയുന്നത് തെളിയിച്ചാല്‍, മോദി ഏത്തമിടുമോ'; പ്രചാരണ വിലക്കിന് ശേഷം മമത ബാനര്‍ജി

അതേ സമയം ബംഗാളിലെ മദുവ സമുദായത്തിന് വേണ്ടി മമത എന്തെങ്കിലും ചെയ്തോ എന്ന മോദിയുടെ കഴിഞ്ഞ ദിവസത്തെ ചോദ്യത്തോട് പ്രതികരിച്ച മമത. മോദിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു എന്ന് പ്രസ്താവിച്ചു.

PM Modi Should Do Sit Ups Holding Ears If Caught Lying Mamata Banerjee
Author
Kolkata, First Published Apr 14, 2021, 11:09 AM IST

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ 24 മണിക്കൂര്‍ പ്രചാരണ വിലക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അവസാനിപ്പിച്ചു. ബരാസാത്തിലെ ഒരു പൊതുയോഗത്തിലാണ് ചൊവ്വാഴ്ച വൈകീട്ട് വിലക്കിന് ശേഷം മമത ജനങ്ങളെ അഭിസംബോധന ചെയ്തത്. പ്രധാനമന്ത്രി നുണയനാണ് എന്ന് പറഞ്ഞ, മമത ഉടന്‍ തന്നെ ജനങ്ങള്‍ക്ക് മുന്നില്‍ അത് തിരുത്തി. നുണയന്‍ എന്ന വാക്ക് അണ്‍ പാര്‍ലമെന്‍ററിയാണ്, മോദി ജനങ്ങളെ വഴിതെറ്റിക്കുകയാണ്.

അതേ സമയം ബംഗാളിലെ മദുവ സമുദായത്തിന് വേണ്ടി മമത എന്തെങ്കിലും ചെയ്തോ എന്ന മോദിയുടെ കഴിഞ്ഞ ദിവസത്തെ ചോദ്യത്തോട് പ്രതികരിച്ച മമത. മോദിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു എന്ന് പ്രസ്താവിച്ചു. 'ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് തെളിയിച്ചാല്‍, രാഷ്ട്രീയത്തില്‍ നിന്നും രാജിവയ്ക്കും. എന്നാല്‍ ഒന്നും ചെയ്യാതെ നുണ പറഞ്ഞത് താങ്കളാണെന്ന് തെളിഞ്ഞാല്‍ നിങ്ങള്‍ ഏത്തമിടുമോ? - എഎന്‍ഐയ്ക്ക് നല്‍കിയ പ്രസ്താവനയില്‍ മമത പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു.

പോളിംഗ് ദിവസം പോലും പ്രധാനമന്ത്രി ബംഗാളില്‍ പ്രചരണം നടത്തുന്നതിനെ മമത കുറ്റപ്പെടുത്തി. ഇത് ആദ്യമായി എട്ടുഘട്ടമായാണ് ബംഗാള്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ നാലുഘട്ടമാണ് ഇതുവരെ കഴിഞ്ഞത്. ശനിയാഴ്ചയാണ് അഞ്ചാംഘട്ടം. അതേ സമയം പോളിംഗ് ദിവസങ്ങളില്‍ സംസ്ഥാനത്തെ പ്രധാനമന്ത്രിയുടെ പരിപാടികള്‍ തടയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറുണ്ടോ?, എന്‍റെ പരിപാടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഞാന്‍ ഒരുക്കമാണ് -മമത പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ മോദിയുടെ റാലികള്‍ക്ക് അനുമതി നല്‍കരുത് എന്നത് കുറേക്കാലമായി തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്ന കാര്യമാണ്.

റാലിയുടെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ വഴിയും ഇന്‍റര്‍നെറ്റ് വഴിയും പ്രചരിക്കുന്നു. ശരിക്കും ഇത് വോട്ടര്‍മാരെ സ്വദീനിക്കുന്ന തരത്തിലുള്ള പ്രചാരണമാണ്. ഇത് ശരിക്കും അറിഞ്ഞുകൊണ്ടുള്ള പെരുമാറ്റച്ചട്ട ലംഘനമാണ്. തൃണമൂല്‍ ആരോപിക്കുന്നു.
 

Follow Us:
Download App:
  • android
  • ios