ക്ഷേത്രങ്ങളെ സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കുന്നവര്‍ക്കാണ് തന്‍റെ വോട്ടെന്ന് ആത്മീയ നേതാവ് സദ്ഗുരു. തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പിന് മുന്‍പായിരുന്നു സദ്ഗുരുവിന്‍റെ പ്രതികരണം. തമിഴ്നാട്ടിലെ ക്ഷേത്രങ്ങള്‍ സ്വതന്ത്രമാക്കണം എന്നപേരില്‍ സദ്ഗുരു അരംഭിച്ച പ്രചാരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഒരു ഘട്ടത്തില്‍ ഈ പ്രചാരണത്തിനായുള്ള ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗും ആയിരുന്നു. ആരാധനാലയങ്ങളേക്കുറിച്ച് അല്‍പം അറിവ് മാത്രം ഉള്ളവരും ആരാധനാലയങ്ങളേക്കുറിച്ച് താല്‍പര്യമില്ലാത്തവരുടെ പിടിയില്‍ നിന്ന് ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കണമെന്ന് ആഗ്രഹിക്കുന്നത്  ഹിന്ദു സമൂഹം മാത്രമല്ല. ഏറെക്കാലമായുള്ള വിശ്വാസികളുടെ ഈ വിലാപം കേള്‍ക്കണമെന്നുമാണ് സദ്ഗുരു ട്വീറ്റ് ചെയ്തത്.

വ്യവസായികളും പ്രമുഖരുമടക്കം നിരവധിപ്പേരാണ് സദേഗുരുവിന്‍റെ ആശയം പങ്കുവച്ചത്. ഈ വിഷയത്തില്‍ നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിനും  സദ്ഗുരു കത്ത് നല്‍കിയിരുന്നു. ദ്രാവിഡരുടെ അഭിമാനം കാക്കണമെന്നും ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മാറ്റി ജനങ്ങള്‍ക്ക് നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.