Asianet News MalayalamAsianet News Malayalam

ചട്ടം ലംഘിച്ച് നിയമനം; തെരഞ്ഞെടുപ്പ് നിരീക്ഷക സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചയച്ചു

കേരളത്തില്‍ നിന്നുള്ള രണ്ട്  ഐഎഎസ് ഉദ്യോഗസ്ഥരേയാണ് തിരിച്ചയച്ചത്. ശ്രീറാമിനൊപ്പം ആസിഫ് കെ യൂസഫിനേയും തിരിച്ചയച്ചു

Sriram Venkitaraman called back from election observer post in tamilnadu
Author
Chennai, First Published Mar 29, 2021, 12:16 PM IST

തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് നിരീക്ഷക സ്ഥാനത്ത് നിന്ന് ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചയച്ചു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലയില്‍ നിയോഗിക്കരുതെന്ന ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനേത്തുടര്‍ന്നാണ് തീരുമാനം. കേരളത്തില്‍ നിന്നുള്ള രണ്ട്  ഐഎഎസ് ഉദ്യോഗസ്ഥരേയാണ് തിരിച്ചുവിളിച്ചിട്ടുള്ളത്. ശ്രീറാമിനൊപ്പം ആസിഫ് കെ യൂസഫിനേയും തിരിച്ചയച്ചിട്ടുണ്ട്.

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹമിടിച്ച് കൊലപ്പെടുത്തിയ കേസിലെ  ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ തെരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ചത് വലിയ വിവാദമായിരുന്നു. നടപടിക്കെതിരെ സിറാജ് മാനേജമെന്റ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ബഷീർ വധക്കേസിലെ ഒന്നാം പ്രതിയായ ഉദ്യോഗസ്ഥന്റെ നിയമനം ചട്ടവിരുദ്ധമെന്ന് വിശദമാക്കിയായിരുന്നു പരാതി.

ഐഎഎസ് നേടാനായി വ്യാജ വരുമാന സർട്ടിഫിക്കറ്റ്  നൽകിയ കേസില്‍ അന്വേഷണം നേരിടുന്നയാളാണ് ആസിഫ് കെ യൂസഫ്. ഇവര്‍ക്ക് പകരമായി ഷര്‍മിള മേരി ജോസഫിനെയും ജാഫര്‍ മാലിക്കിനെയും നിയമിച്ചു. തമിഴ്നാട്ടിലെ തിരുവൈക നഗർ, എഗ്​മോർ നിയമസഭ മണ്ഡലങ്ങളിലാണ് ശ്രീറാമിന് നിരീക്ഷണച്ചുമതല നൽകിയിരുന്നത്.

Follow Us:
Download App:
  • android
  • ios