Asianet News MalayalamAsianet News Malayalam

ഉദിച്ചുയര്‍ന്ന് എം കെ സ്റ്റാലിന്‍; ഇനി ഡിഎംകെയുടെ പുതുയുഗം?

പത്ത് വര്‍ഷത്തിനു ശേഷമുള്ള ഡിഎംകെയുടെ തിരിച്ചുവരവില്‍ മറ്റൊരു ഉദയവും ഡിഎംകെ അണികള്‍ കാണുന്നുണ്ട്. അത് സ്റ്റാലിന്‍റെ മകനും സിനിമാ താരവുമായ ഉദയനിധിയുടെ കടന്നുവരവാണ്

this is mk stalins victory in tamil nadu
Author
Thiruvananthapuram, First Published May 2, 2021, 11:15 PM IST

ജയലളിതയുടെയും കരുണാനിധിയുടെയും സാന്നിധ്യമില്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് എന്നതായിരുന്നു ഇത്തവണത്തെ തമിഴ്നാട് തിരഞ്ഞെടുപ്പിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഒപ്പം മുത്തുവേല്‍ കരുണാധിധി സ്റ്റാലിന്‍ എന്ന എം കെ സ്റ്റാലിന്‍റെ രാഷ്ട്രീയഭാവിയുടെ വിധി കൂടി നിര്‍ണ്ണയിക്കുന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഡിഎംകെയെ അധികാരത്തിലേറ്റാന്‍ സ്റ്റാലിന്‍റെ കരങ്ങള്‍ക്കാവുമോ എന്ന ചോദ്യമാണ് തിരഞ്ഞെടുപ്പ് കാലത്തുടനീളം തമിഴ്നാട്ടിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ മുഴങ്ങിക്കേട്ടത്. കരുണാനിധിയുടെ അനന്തരാവകാശി എന്ന നിലയിലും രാഷ്ട്രീയനേതാവെന്ന നിലയിലും തമിഴ്നാട് ജനത സ്റ്റാലിനില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്‍റെ മാറ്റ് തെളിയിക്കുന്ന വിധിയെഴുത്തു കൂടിയാണ് ഡിഎംകെയുടെ വന്‍ വിജയത്തില്‍ പ്രതിഫലിക്കുന്നത്.

this is mk stalins victory in tamil nadu

 

സ്റ്റാലിന്‍ എന്ന പേര് ലഭിച്ചതില്‍ നിന്നു തുടങ്ങുന്നതാണ് കരുണാനിധിയുടെ മകന്‍റെ 'രാഷ്ട്രീയ ബന്ധം'. സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിന്‍ മരണപ്പെട്ടതിന് നാല് ദിവസം മുന്‍പു ജനിച്ച മകന് അദ്ദേഹത്തിന്‍റെ പേരു നല്‍കാന്‍ കരുണാനിധി തീരുമാനിക്കുകയായിരുന്നു. സ്വന്തം താല്‍പര്യപ്രകാരം ഗോപാലപുരത്ത് ഡിഎംകെയുടെ യുവജനവിഭാഗം സ്ഥാപിച്ചുകൊണ്ട് ആരംഭിച്ച സ്റ്റാലിന്‍റെ രാഷ്ട്രീയ ജീവിതം പടിപടിയായാണ് മുകളിലേക്ക് ഉയര്‍ന്നുവന്നത്. മകന് പ്രത്യേക പരിഗണന നല്‍കുന്നുവെന്ന വിമര്‍ശനം ഉണ്ടാവാതിരിക്കാന്‍ കരുണാനിധിയും ശ്രദ്ധ പുലര്‍ത്തിയിരുന്നു, വിശേഷിച്ച് ആദ്യ കാലത്ത്. ഡിഎംകെ 13 വര്‍ഷത്തിനു ശേഷം ഭരണം പിടിച്ച 1989ലാണ് സ്റ്റാലിന്‍ ആദ്യമായി നിയമസഭയില്‍ എത്തുന്നത്. എന്നാല്‍ മന്ത്രിസ്ഥാനമൊന്നും ലഭിച്ചില്ല. വീണ്ടും 1996ല്‍ ഡിഎംകെ ഭരണത്തിലെത്തിയപ്പോഴും എംഎല്‍എ ആയിത്തന്നെ തുടര്‍ന്നു. പിന്നീട് ചെന്നൈ മേയര്‍ സ്ഥാനം ലഭിച്ചപ്പോള്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളാണ് സ്റ്റാലിനെ കൂടുതല്‍ ജനശ്രദ്ധയിലേക്ക് എത്തിക്കുന്നത്. ഡിഎംകെയിലും സ്റ്റാലിന്‍റെ വാക്കുകള്‍ക്ക് വില കിട്ടിത്തുടങ്ങുന്നത് ഇക്കാലത്താണ്. ചെന്നൈ മേയര്‍ ആയിരുന്നപ്പോള്‍ ലഭിച്ച ഭരണപരിചയം പില്‍ക്കാലത്ത് മന്ത്രിസ്ഥാനം ലഭിച്ചപ്പോഴും സ്റ്റാലിന് തുണയായിട്ടുണ്ട്.

കരുണാനിധിയുടെ നിഴലില്‍ നിന്ന് പുറത്തുവരുന്ന സ്റ്റാലിനെയാണ് പില്‍ക്കാലത്ത് കണ്ടത്. 2ജി അഴിമതിയില്‍ ഡിഎംകെ കോണ്‍ഗ്രസ് ബന്ധം ഉലഞ്ഞ കാലത്ത് പാര്‍ട്ടി യുപിഎ വിട്ടുവരാന്‍ ശഠിച്ചത് സ്റ്റാലിന്‍ ആയിരുന്നു. അവസാനം കരുണാനിധി ആ തീരുമാനം കൈക്കൊള്ളുകയും ചെയ്‍തു. അനാരോഗ്യത്താല്‍ കരുണാനിധി അവശത നേരിട്ട നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു 2016ലേത്. സ്വയം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാതെ 'കലൈജ്ഞര്‍ ആയിരിക്കും മുഖ്യമന്ത്രി'യെന്നാണ് സ്റ്റാലിന്‍ അന്ന് ജാഗ്രതയോടെ പ്രചരണവേദികളില്‍ ഉടനീളം സംസാരിച്ചത്. അത്തവണത്തെ വോട്ട് ഷെയറില്‍ എഐഎഡിഎംകെയില്‍ നിന്നും 1.7 ശതമാനം മാത്രം താഴെയായിരുന്നു ഡിഎംകെ എങ്കിലും 136നെതിരെ 98 സീറ്റുകള്‍ മാത്രമാണ് നേടാനായത്. അച്ഛന്‍ വീല്‍ചെയറില്‍ ആയിരുന്ന ആ കാലയളവിലാണ് തമിഴ്നാട് നിയമസഭയില്‍ സ്റ്റാലിന്‍ പാര്‍ട്ടിയെ ആദ്യമായി നയിക്കുന്നത്.

this is mk stalins victory in tamil nadu

 

കരുണാനിധിയുടെ മരണത്തിനു മുന്‍പേ വര്‍ക്കിംഗ് പ്രസിഡന്‍റ് ആയിരുന്ന സ്റ്റാലിന്‍ ഡിഎംകെയുടെ പ്രസിഡന്‍റ് ആയി തിരഞ്ഞെടുക്കപ്പെടുന്നത് 2018ലാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 39ല്‍ 38 സീറ്റും ഡിഎംകെ നേടിയതാണ് പാര്‍ട്ടിയെ നയിച്ചുതുടങ്ങിയതിനു ശേഷം നേടിയ ആദ്യവിജയം. സ്റ്റാലിന് വലിയ ദേശീയ ശ്രദ്ധ ലഭിക്കാന്‍ കാരണമായ ഈ വിജയം ദ്രാവിഡ മണ്ണില്‍ വേരൂന്നാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കും കനത്ത തിരിച്ചടിയായിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ സമ്പൂര്‍ണ്ണ നിയന്ത്രണമുള്ള സ്റ്റാലിന് മുന്നണിയിലുള്ള അപ്രമാദിത്യവും ശ്രദ്ധേയമാണ്. ഇത്തവണത്തെ സീറ്റ് വീതംവെപ്പിലും അത് ദൃശ്യമായിരുന്നു. 2016ല്‍ കരുണാനിധി ഉണ്ടായിരുന്നപ്പോള്‍ 41 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ഇക്കുറി 25 സീറ്റുകളില്‍ മാത്രമാണ് മത്സരിച്ചത്. അതേസമയം ഇക്കുറി ഡിഎംകെയുടെ അക്കൗണ്ടില്‍ നിന്നും  കൂടുതല്‍ സീറ്റ് വിട്ടുനല്‍കി ഇടത് പാര്‍ട്ടികളെ കൂടെ നിര്‍ത്താനും സ്റ്റാലിന് കഴിഞ്ഞു. എട്ട് പാര്‍ട്ടികളാണ് ഇപ്പോള്‍ സഖ്യത്തില്‍ ഉള്ളത്.

this is mk stalins victory in tamil nadu

 

പത്ത് വര്‍ഷത്തിനു ശേഷമുള്ള ഡിഎംകെയുടെ തിരിച്ചുവരവില്‍ മറ്റൊരു ഉദയവും ഡിഎംകെ അണികള്‍ കാണുന്നുണ്ട്. അത് സ്റ്റാലിന്‍റെ മകനും സിനിമാ താരവുമായ ഉദയനിധിയുടെ കടന്നുവരവാണ്. എഐഡിഎംകെ സഖ്യത്തിന്‍റെ ഭാഗമായ ബിജെപിക്കുവേണ്ടി പ്രചരണം നടത്താനെത്തിയ സമയത്ത് മോദിക്കും അമിത് ഷായ്ക്കുമൊക്കെ എതിരെയുള്ള ഉദയനിധിയുടെ പ്രതികരണങ്ങള്‍ വലിയ വാര്‍ത്താശ്രദ്ധ നേടിയിരുന്നു. ചെപ്പോക്ക്-തിരുവള്ളിക്കേനി മണ്ഡലത്തില്‍ നിന്നും ആദ്യമായി മത്സരിച്ച ഉദയനിധി 35,888 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തോടെയാണ് ജയിച്ചിരിക്കുന്നത്. ഉദയനിധിക്ക് സ്റ്റാലിന്‍ മന്ത്രിസ്ഥാനം നല്‍കുമോ അതോ കരുണാനിധിയുടെ പാതയില്‍ കാത്തിരിക്കാന്‍ പറയുമോ എന്നറിയാനാണ് ഡിഎംകെ അണികള്‍ കാത്തിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios