Asianet News MalayalamAsianet News Malayalam

ബംഗാളിൽ 80% കടന്ന് പോളിംഗ്, കേന്ദ്രത്തിനും കമ്മീഷനുമെതിരെ മമത, ദീദി രണ്ടാം മണ്ഡലത്തിൽ മത്സരിക്കുമോയെന്ന് മോദി

മമതയുടെയേും സുവേന്ദു അധികാരിയുടേയും മത്സരത്തെ തുടര്‍ന്ന് എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കപ്പെട്ട മണ്ഡലമാണ് നന്ദിഗ്രാം. ഇവിടെ ബൂത്ത് പിടിത്തമടക്കമുള്ള ആരോപണമാണ് അവസാന മണിക്കൂറില്‍ ഉയർന്നത്

west bengal assam second phase election polling updation
Author
Kolkata, First Published Apr 1, 2021, 6:28 PM IST

കൊൽക്കത്ത: രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടന്ന ബംഗാളില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. ഏറ്റവുമൊടുവിൽ റിപ്പോർ‍ട്ട് കിട്ടുമ്പോൾ ആറ് മണിയോടെ തന്നെ പോളിംഗ് 80 ശതമാനം കടന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെടുപ്പ് നടന്ന ചിലയിടങ്ങളില്‍ ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മമത ബാനര്‍ജി മത്സരിക്കുന്ന നന്ദിഗ്രാമില്‍ ബൂത്ത് പിടിച്ചെന്നതടക്കമുളള പരാതികളും ഉയര്‍ന്നു.

മമതയുടെയേും സുവേന്ദു അധികാരിയുടേയും മത്സരത്തെ തുടര്‍ന്ന് എല്ലാ ശ്രദ്ധയും കേന്ദ്രീകരിക്കപ്പെട്ട മണ്ഡലമാണ് നന്ദിഗ്രാം. ഇവിടെ ബൂത്ത് പിടിത്തമടക്കമുള്ള ആരോപണമാണ് അവസാന മണിക്കൂറില്‍ ഉയർന്നത്. പരാതിയുള്ള ബൂത്തിലേക്ക് ബിജെപി- തൃണമൂല്‍ സംഘര്‍ഷ സാധ്യതയുടെ മുള്‍മുനയില്‍ നില്‍ക്കേ മമത എത്തി. ഗവര്‍ണറെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും ഫോണില്‍ വിളിച്ചു.

രണ്ട് മണിക്കൂറ്‍ നേരത്തിനൊടുവില്‍ ബൂത്തില്‍ നിന്ന് ഇറങ്ങി വന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് മമത ഉയര്‍ത്തിയത്. നല്‍കിയ ഒറ്റപരാതിയില്‍ പോലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തില്ലെന്ന് മമത കുറ്റപ്പെടുത്തി. അമിത് ഷാ ഗുണ്ടകളെ നിയന്ത്രിക്കണം. ഇത്രയും മോശമായ തെരഞ്ഞെടുപ്പ് കണ്ടിട്ടില്ലെന്ന് പറഞ്ഞ അവർ നന്ദിഗ്രാമിലെ 90 ശതമാനം വോട്ടും ലഭിക്കുമെന്ന പ്രതീക്ഷയും പങ്കുവച്ചു.

പലയിടങ്ങളിലും ബൂത്ത് ഏജന്‍റുമാരെ ഇരിക്കാന്‍ അനുവദിക്കില്ലെന്ന് തൃണമൂലിനെതിരെ ബിജെപിയും, ബിജെപിക്കെതിരെ തൃണമൂലും പരാതി നല്‍കി. സംസംബാദില്‍ ബിജെപി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തത് തൃണമൂല്‍ സമ്മര്‍ദ്ദത്തെ തുടർന്നാണെന്നാണ് ബിജെപി ആരോപണം. പശ്ചിമ മിഡാനാപ്പൂരില്‍ തൃണമൂല്‍ പ്രവർത്തകനെ കൊലപ്പെട്ട നിലയില്‍ കണ്ടത്തിയിരുന്നു. ദേബ്രയിലും തൃണമൂല്‍-ബിജെപി നേരിയ സംഘര്‍ഷമുണ്ടായി.

അതേസമയം മമത വീണ്ടുമൊരു മണ്ഡലത്തില്‍ മത്സരിക്കാനുള്ള സാധ്യതയുണ്ടെന്ന അഭ്യൂഹം പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളിലെ റാലിയില്‍ പരാമര്‍ശിച്ചു. 'ദീദീ രണ്ടാമതൊരു മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് കേള്‍ക്കുന്നത് സത്യമാണോ, നന്ദിഗ്രാമില്‍ പോയപ്പോൾ ജനങ്ങൾ മറുപടി തന്നു, എവിടെ പോയാലും നിങ്ങള്‍ക്ക് ജനങ്ങള്‍ മറുപടി തരും' എന്നായിരുന്നു മോദി പറഞ്ഞത്.

ചിലയിടങ്ങളില്‍ പോളിങ് യന്ത്രങ്ങള്‍ കേടായതിനെ തുടര്‍ന്ന് വോട്ടിങ് തടസ്സപ്പെട്ട സംഭവവും ബംഗാളിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കനത്ത സുരക്ഷയൊരുക്കിയുളള തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സ്ത്രീകള്‍ അടക്കം കൂട്ടമായി എത്തി. എന്തായാലും നന്ദിഗ്രാമിന്‍റെ രാഷ്ട്രീയമനസ്സ് ആ‍ർക്കൊപ്പമെന്നത് കാത്തിരുന്നുതന്നെ കാണണം.

രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന അസമിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. അഞ്ച് മണിവരെ 72 ശതമാനം പോളിംഗ് രേഖപ്പെടുത്തിയെന്നാണ് അനൗദ്യോഗിക കണക്ക്. ഉച്ചക്ക് ശേഷം മികച്ച വോട്ടിംഗ് നടന്നതിനാല് പോളിംഗ് ശതമാനം ആദ്യ ഘട്ടത്തേക്കാള്‍ ഉയരാന്‍ സാധ്യതയുണ്ട്. ആദ്യ ഘട്ടത്തില്‍ 76 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

Follow Us:
Download App:
  • android
  • ios