Asianet News MalayalamAsianet News Malayalam

നിർണായകം, അഞ്ചാംഘട്ടത്തിന് കളമൊരുക്കി ബംഗാൾ, കൂച്ച്ബിഹാറിലെത്തി മമത, രാഹുലും പ്രചാരണത്തിന്

പശ്ചിമബംഗാളിന്‍റെ ഫലം നിര്‍ണയിക്കാൻ പോകുന്ന ഘട്ടത്തിനാണ് വെള്ളിയാഴ്ച സംസ്ഥാനം സാക്ഷ്യം വഹിക്കാൻ പോകുന്നത്. 45 സീറ്റുകളിലേക്കാണ് അഞ്ചാംഘട്ട വോട്ടെടുപ്പ്.

west bengal fifth phase election
Author
Delhi, First Published Apr 14, 2021, 2:40 PM IST

ദില്ലി: പശ്ചിമബംഗാളിൽ അഞ്ചാംഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും. പശ്ചിമബംഗാളിന്‍റെ ഫലം നിര്‍ണയിക്കാൻ പോകുന്ന ഘട്ടത്തിനാണ് വെള്ളിയാഴ്ച സംസ്ഥാനം സാക്ഷ്യം വഹിക്കാൻ പോകുന്നത്. 45 സീറ്റുകളിലേക്കാണ് അഞ്ചാംഘട്ട വോട്ടെടുപ്പ്. എറ്റവും കൂടുതൽ സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത് ഈ ഘട്ടത്തിലാണ്. 2016 ൽ ഇതിൽ ഒറ്റ സീറ്റിൽ പോലും ബിജെപി വിജയിച്ചിരുന്നില്ല. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ 45 ൽ ഇരുപത്തിമൂന്നിടത്ത് ബിജെപിക്ക് ലീഡുണ്ടായിരുന്നു. 22 ഇടത്ത് തൃണമൂൽ കോണ്‍ഗ്രസും ലീഡ് നേടി. 

ഈ ഘട്ടത്തിൽ പിടിച്ചുനിൽക്കേണ്ടത് അധികാരം നിലനിര്‍ത്താൻ മമതാ ബാനര്‍ജിക്ക് അനിവാര്യമാണ്. നാലാംഘട്ടത്തിൽ കേന്ദ്ര സേനയുടെ വെടിവെപ്പിൽ നാലുപേര്‍ മരിച്ച കൂച്ച്ബിഹാറിൽ സിതാൾകുചിയിൽ ഇന്ന് മമത ബാനര്‍ജി എത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളെ കണ്ട മമത കൂട്ടക്കൊല എന്ന ആരോപണം ആവര്‍ത്തിച്ചു. 

ഇത് ആദ്യമായി പശ്ചിമബംഗാളിൽ പ്രചാരണത്തിന് രാഹുൽ ഗാന്ധിയും എത്തി. വടക്കൻ ബംഗാളിലാണ് രാഹുൽ ഗാന്ധിയുടെ പ്രചാരണം. തൃണമൂൽ കോണ്‍ഗ്രസിനോട് വിവേചനം കാട്ടുന്നുവെന്ന് ആരോപിച്ച് ഡെറിക് ഒബ്റിയാന്‍റെ നേതൃത്വത്തിൽ പാർട്ടി നേതാക്കൾ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. ഇനി പന്ത്രണ്ട് ദിവസത്തെ പ്രചാരണം ബംഗാളിൽ ബാക്കിയുള്ളപ്പോൾ എല്ലാ അടവുകളും പുറത്തെടുക്കുകയാണ് ബിജെപിയും തൃണമൂൽ കോണ്‍ഗ്രസും. 

Follow Us:
Download App:
  • android
  • ios