കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിനെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ രൂക്ഷമായ പടലപ്പിണക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെടുന്നു.  യുഡിഎഫിനൊപ്പം പ്രചാരണത്തിനിറങ്ങാന്‍ തയ്യാറല്ലെന്ന പി ജെ ജോസഫ് പക്ഷത്തിന്‍റെ പ്രഖ്യാപനത്തെത്തുടര്‍ന്നാണ് പ്രശ്നപരിഹാരത്തിനായുള്ള കോണ്‍ഗ്രസ് നീക്കം.

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് സമവായനീക്കത്തിന് മുന്‍കൈ എടുത്തിരിക്കുന്നത്. പി ജെ ജോസഫുമായും ജോസ് കെ മാണിയുമായും അദ്ദേഹം ഫോണില്‍ സംസാരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് കൂടുതൽ വിവാദങ്ങളിലേക്ക് കടക്കരുതെന്ന് ഇരുവര്‍ക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രചാണത്തിനിറങ്ങില്ലെന്ന ജോസഫിന്‍റെ നിലപാടില്‍ മുല്ലപ്പള്ലി പ്രതിഷേധം അറിയിച്ചു. പ്രശ്നം ചർച്ച ചെയ്യാൻ പാലായിൽ മുല്ലപ്പള്ളിയുടെ നേതൃത്വത്തിൽ അടിയന്തരമായി കോൺഗ്രസ് യോഗം ചേര്‍ന്നു. ഇന്നു തന്നെ ജോസഫ് പക്ഷത്തെയും ജോസ് പക്ഷത്തെയും നേതാക്കളുമായി മുല്ലപ്പള്ളി ചര്‍ച്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. 

യുഡിഎഫ് കൺവെൻഷനിൽ പി ജെ ജോസഫിനെ ജോസ് കെ മാണി പക്ഷം അപമാനിച്ചെന്നാരോപിച്ചാണ്, യുഡിഎഫിനൊപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജോസഫ് പക്ഷം പ്രഖ്യാപിച്ചത്. തെറിക്കൂട്ടത്തിന് ഒപ്പം പ്രചാരണത്തിനില്ലെന്നാണ് ജോസഫ് പക്ഷത്തിന്‍റെ നിലപാട്. കണ്‍വെന്‍ഷനിടെ കൂവിവിളിച്ച് ജോസഫിനെ അപമാനിച്ച സംഭവത്തില്‍ ജോസ്  വിഭാഗം നേതാക്കൾക്കെതിരെ ജോസഫ് വിഭാഗം പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

എന്നാല്‍,പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന ജോസഫ് വിഭാഗത്തിന്‍റെ പ്രഖ്യാപനത്തോട് പ്രതികരിക്കാനില്ലെന്നാണ് ജോസ് കെ മാണി നിലപാടെടുത്തത്. സ്ഥാനാർത്ഥിയെ വിജയിപ്പിക്കുന്നതിലാണ് പ്രവർത്തകരുടെ ശ്രദ്ധയെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു.