Asianet News MalayalamAsianet News Malayalam

പാലാ പോര്: ജോസ് ടോമിന് ചിഹ്നം 'കൈതച്ചക്ക'

കൈതച്ചക്ക മധുരമുള്ളതാണ്. ചിഹ്നം ഏതായാലും തനിക്ക് വിജയം ഉറപ്പാണെന്നും ജോസ് ടോം പ്രതികരിച്ചു.

pineapple symbol for udf candidate jose tom pala by election
Author
Kottayam, First Published Sep 7, 2019, 4:21 PM IST

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസ് ടോമിന്‍റെ ചിഹ്നം കൈതച്ചക്ക. ആകെ 13 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. കൈതച്ചക്ക മധുരമുള്ളതാണെന്ന് ജോസ് ടോം പ്രതികരിച്ചു.

സ്ഥാനാര്‍ത്ഥിയെയും പാര്‍ട്ടിയെയും നോക്കിയാണ് ജനങ്ങള്‍ വോട്ടു ചെയ്യുന്നതെന്ന് ജോസ് ടോം പ്രതികരിച്ചു. കെ എം മാണിയുടെ പിന്‍ഗാമിയായാണ് താന്‍ മത്സരിക്കുന്നത്. ചിഹ്നം ഏതായാലും തനിക്ക് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. 32 വര്‍ഷത്തിനിടെ ഇതാദ്യമായാണ് പാലായില്‍ രണ്ടില ചിഹ്നത്തിലല്ലാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത്. പി ജെ ജോസഫ്-ജോസ് കെ മാണി പോര് മൂലമാണ് ജോസ് പക്ഷ സ്ഥാനാര്‍ത്ഥിയായ ജോസ് ടോമിന് പാര്‍ട്ടി ചിഹ്നമായ രണ്ടില കിട്ടാതെപോയത്. തന്നെ പാര്‍ട്ടി ചെയര്‍മാനായി അംഗീകരിക്കാതെ, ചിഹ്നം വിട്ടുതരില്ലെന്ന് പി ജെ ജോസഫ് നിലപാടെടുക്കുകയായിരുന്നു. 

രണ്ടിലയും കേരളാ കോണ്‍ഗ്രസും...

1965ല്‍  പാലായിലെ ആദ്യ തെരഞ്ഞെടുപ്പ്  മുതല്‍ കെ എം മാണി മത്സരിച്ചത് കുതിര ചിഹ്നത്തിലായിരുന്നു. മാണിയെന്നാല്‍ കുതിരയെന്നായിരുന്നു അന്നൊക്കെ പറഞ്ഞുകേട്ടത്. 1982 ആയപ്പോഴേക്കും  കെ എം മാണിയും പി ജെ ജോസഫും പിളര്‍പ്പിന്‍റെ വക്കിലെത്തി. 1984ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ എം മാണിയുടെ സ്ഥാനാര്‍ത്ഥിയായി സ്കറിയാ തോമസ് കോട്ടയത്ത് മത്സരിച്ചു. പി ജെ ജോസഫ് പക്ഷം മൂവാറ്റുപുഴയിലും മുകുന്ദപുരത്തും മത്സരിച്ചു. സാങ്കേതികമായി ഒരേ പാര്‍ട്ടിയായിരുന്നെങ്കിലും കോട്ടയത്ത്  കുതിരയും  മൂവാറ്റുപുഴയിലും മുകുന്ദപുരത്തും ആനയുമായി ചിഹ്നം . 1987ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി പിളര്‍ന്നു. കുതിര ചിഹ്നത്തിനായി ഇരുകൂട്ടരും അവകാശ വാദം ഉന്നയിച്ചു. രണ്ട് എംപിമാരുണ്ടായിരുന്നതിനാല്‍ കുതിര ചിഹ്നം ജോസഫിന് കിട്ടി. മാണി രണ്ടില ചിഹ്നമായി എടുത്തു. പിന്നീട് കുതിര വിട്ട് ജോസഫ് പക്ഷം സൈക്കിള്‍ തെരഞ്ഞെടുത്തു. 2010ല്‍ മാണി ഗ്രൂപ്പില്‍ ലയിച്ചതോടെ ജോസഫും രണ്ടിലയിലേക്ക് മാറി. ഇപ്പോള്‍ രണ്ടിലക്ക് വേണ്ടിയുള്ള മത്സരത്തിലും പി ജെ ജോസഫിനൊപ്പമായി വിജയം.  

പാലായിലെ സ്ഥാനാര്‍ത്ഥികളും ചിഹ്നവും...

1.മാണി സി. കാപ്പന്‍ (എന്‍.സി.പി)-ക്ലോക്ക്

2. എന്‍. ഹരി(ബി.ജെ.പി)-താമര

3.ജോര്‍ജ് ഫ്രാന്‍സീസ്(സ്വതന്ത്രന്‍)- ടെലിവിഷന്‍

4.ബാബു ജോസഫ്(സ്വതന്ത്രന്‍)-ഓട്ടോറിക്ഷ

5.ഇഗ്‌നേഷ്യസ് ഇല്ലിമൂട്ടില്‍(സ്വതന്ത്രന്‍)-ഇലക്ട്രിക് പോള്‍

6.അഡ്വ. ജോസ് ടോം(സ്വതന്ത്രന്‍)-പൈനാപ്പിള്‍

7.മജു(സ്വതന്ത്രന്‍)-ടെലിഫോണ്‍

8.ജോബി തോമസ്(സ്വതന്ത്രന്‍)-ബേബി വാക്കര്‍

9.ടോം തോമസ് (സ്വതന്ത്രന്‍)-അലമാര

10.സി.ജെ. ഫിലിപ്പ്(സ്വതന്ത്രന്‍)-ബലൂണ്‍

11.ജോമോന്‍ ജോസഫ്(സ്വതന്ത്രന്‍)-കരിമ്പ് കര്‍ഷകന്‍

12.സുനില്‍കുമാര്‍(സ്വതന്ത്രന്‍)-വളകള്‍

13.ജോസഫ് ജേക്കബ്(സ്വതന്ത്രന്‍)-തയ്യല്‍ മെഷീന്‍

pineapple symbol for udf candidate jose tom pala by election


 

Follow Us:
Download App:
  • android
  • ios